കോണ്‍ഗ്രസിനെ കുറിച്ചു മിണ്ടാതെ പിണറായിയുടെ തിരഞ്ഞെടുപ്പ് വിശകലനം
കോഴിക്കോട്: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ഉണ്ടായ തിരിച്ചടി വിശകലനം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് എന്ന പേരും പോലും പരാമര്‍ശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ് ബുക്കിലെഴുതിയ തെരെഞ്ഞെടുപ്പ് അവലോകന കുറിപ്പിലാണ് കോണ്‍ഗ്രസിനെ പരാമര്‍ശിക്കാതെ തിരഞ്ഞെടുപ്പിനെ കുറിച്ചു പറഞ്ഞത്. വിജയം ഇടതുപക്ഷം ആശയം കൂടുതല്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി എന്നും കുറിപ്പില്‍ പറയുന്നു. കോണ്‍ഗ്രസുണ്ടാക്കിയ രാഷട്രീയ നേട്ടത്തെ കുറിച്ചു ഒന്നും പിണറായി പറയുന്നുമില്ല.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങളെ അവഗണിക്കുകയും അവരെ വര്‍ഗീയമായി ചേരിതിരിക്കുവാന്‍ ഭരണാധികാരം ദുര്‍വിനിയോഗിക്കുകയും ചെയ്യുന്നതിനോട് ജനങ്ങള്‍ ക്ഷമിക്കില്ല എന്ന യാഥാര്‍ത്ഥ്യമാണ് ഈ ജനവിധിയില്‍ നിന്നുളള പാഠം.
ബി.ജെ.പി.യില്‍ ജനങ്ങള്‍ക്കുണ്ടായ അവിശ്വാസത്തിന്റെ പ്രതിഫലനമാണ് ജനവിധിയില്‍ കാണുന്നത്. വികസനം എന്ന ബി.ജെ.പി. മുദ്രാവാക്യത്തില്‍ ഒരു കഴമ്പുമില്ല എന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.
കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെയുളള വിഭാഗങ്ങള്‍ തുടര്‍ച്ചയായ പോരാട്ടങ്ങളിലൂടെയാണ് ബി.ജെ.പി വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങളെ തുറന്നുകാട്ടിയത്. ഈ പോരാട്ടങ്ങളിലൂടെ ഇവരും ഇടതുപക്ഷവും മുന്നോട്ടുവച്ച ആശയങ്ങള്‍ കൂടുതല്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ ജനവിഭാഗങ്ങള്‍ ഏറ്റെടുക്കുന്നു എന്നതിന്റെ സ്ഥിരീകരണമാണ് ഈ ജനവിധി.
ജനങ്ങള്‍ ആഗ്രഹിക്കുന്നത് ഇപ്പോഴത്തെ സാമ്പത്തിക നയങ്ങളില്‍ നിന്നുളള മാറ്റമാണ്. അവര്‍ക്ക് അമ്പലം നിര്‍മാണമോ ബി.ജെ.പി. ഉയര്‍ത്തുന്ന സമാന മുദ്രാവാക്യങ്ങളോ അല്ല പ്രശ്‌നം. തങ്ങള്‍ അനുഭവിക്കുന്ന ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റുമാണ്. അതിനെ അവഗണിച്ച് അപ്രസക്ത കാര്യങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ അത് വിലപ്പോവില്ല എന്നും ഇതില്‍ തെളിയുന്നു.
ഇത്, ജയിച്ച് അധികാരത്തില്‍ വരുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് വലിയൊരു പാഠം കൂടിയാണ്. ആ പാഠം ഉള്‍ക്കൊണ്ട് നയങ്ങളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നില്ലെങ്കില്‍ എന്തുണ്ടാകുമെന്നതിന്റെ സൂചന കൂടി ഇതിലടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."