ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി
കൊച്ചി: പിറവം പള്ളിക്കേസ് പരിഗണിക്കുന്നതില്‍നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. സഭാതര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ യാക്കോബായ സഭയ്ക്കുവേണ്ടി ജസ്റ്റിസ് ദേവന് രാമചന്ദ്രന് മുന്‍പ് ഹാജരായിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടി കേസിലെ ഒരു കക്ഷി ബെഞ്ചുമാറ്റം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോന്, ജസ്റ്റിസ് ദേവന് രാമചന്ദ്രന് എന്നിവരുടെ പിന്മാറ്റം.
കക്ഷികള്‍ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതു ശരിയല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. പുതിയ ബെഞ്ച് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും.
കേസില്‍ കക്ഷിചേരാനായി വിശ്വാസികളുടെ ഹരജിയുമായെത്തിയ അഭിഭാഷകനാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് പിന്മാറണമെന്നും കേസ് പുതിയ ബെഞ്ച് പരിഗണിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ചത്. മുന്‍പ് യാക്കോബായ സഭയ്ക്കുവേണ്ടി ദേവന് രാമചന്ദ്രന് ഹാജരായിട്ടുണ്ടെന്നത് കേസ് പരിഗണിക്കുമ്പോഴുള്ള നിഷ്പക്ഷതയ്ക്കു തടസമാകുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹരജി സമര്‍പ്പിച്ചത്.
ഹരജി പരിഗണിക്കുന്നതില്‍നിന്നു പിന്മാറരുതെന്ന് ഓര്‍ത്തഡോക്സ് വിഭാഗം കോടതിയില്‍ ബോധിപ്പിച്ചു.
ഹരജിക്കാരനെതിരേ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. കേസിലെ രണ്ടു കക്ഷികളും സര്‍ക്കാരും ജഡ്ജിയെ സംശയിക്കുന്നില്ലെന്ന നിലപാടാണു സ്വീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."