ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കോടതിമുറി അബൂദബിയില്‍
അബൂദബി: ലോകത്തിലെ ആദ്യത്തെ ഡിജിറ്റല്‍ കോടതിമുറി അബൂദബിയില്‍ പ്രവര്‍ത്തനം തുടങ്ങി. ഫ്രീസോണ്‍ മേഖലയായ അല്‍ മരിയ ഐലന്‍ഡിലെ അബൂദബി ഗ്ലോബല്‍ മാര്‍ക്കറ്റിലാണ് ഡിജിറ്റില്‍ കോടതി പ്രവര്‍ത്തിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തിലും കൃത്യതയോടെയും പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. തൊഴില്‍ നിയമം, കടം, വാണിജ്യ തര്‍ക്കങ്ങള്‍ തുടങ്ങി ഇരുപതോളം തരത്തിലുള്ള കേസുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ 2016 മേയ് മുതലുള്ള കോടതിയുടെ പ്രാരംഭ പ്രവര്‍ത്തന കാലഘട്ടത്തില്‍ സാധിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര വ്യവസായ മേഖലകളുമായി കൂടുതല്‍ ബന്ധം പുലര്‍ത്തുന്നതുകൊണ്ടുതന്നെ ഇംഗ്ലീഷിലാണ് കോടതി നടപടികള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തെവിടെയുമുള്ള കക്ഷികളുമായി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിയമം നടത്താനും കോടതിക്ക് സാധിക്കും. സമയവും പണവും ലാഭിക്കുന്നതോടൊപ്പം വിദേശത്തുള്ള കമ്പനികള്‍ക്കും എളുപ്പം നടപടികളുടെ ഭാഗമാവാനുമാകും.
ലോകത്ത് എവിടെയാണെങ്കിലും മൊബൈല്‍ ഫോണിലൂടെ ഏത് സമയത്തും കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കാനും കോടതിയില്‍ ബന്ധപ്പെടാനും കഴിയുമെന്ന് അബൂദബി ഡിജിറ്റല്‍ കോര്‍ട്ട് ചീഫ് എക്‌സിക്യൂട്ടീവും രജിസ്ട്രാറുമായ ലിന്‍ഡ ഫിറ്റ്‌സ് അലന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."