യു.എസ് ഉപരോധം വ്യാപാരയുദ്ധമെന്ന് റഷ്യ
മോസ്‌കോ: യു.എസ് നടപ്പാക്കിയ ഉപരോധത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി റഷ്യ. റഷ്യക്കെതിരായ സമ്പൂര്‍ണ വ്യാപാരയുദ്ധമാണു പുതിയ ഉപരോധമെന്ന് പ്രധാനമന്ത്രി ദിമിദ്രി മെദ്‌വെദേവ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ച ഉപരോധ നടപടികള്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ഷണ്ഡത്വത്തെയാണു വിളിച്ചുപറയുന്നതെന്നും അദ്ദേഹം ആക്ഷേപിച്ചു.
ട്രംപിനെ അധികാരത്തില്‍നിന്ന് ഇറക്കുന്നതടക്കമുള്ള ശക്തമായ നടപടികളുണ്ടാകുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുകയാണെന്ന പ്രതീക്ഷകള്‍ക്കാണ് ഉപരോധം അന്ത്യംകുറിച്ചതെന്നും മെദ്‌വെദേവ് കൂട്ടിച്ചേര്‍ത്തു. അതേസമയം, റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം അപകടകരമാംവിധം കുറഞ്ഞിരിക്കുകയാണെന്ന് ട്രംപ് പ്രതികരിച്ചു. ലക്ഷ്യമിട്ട കാര്യങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ പുതിയ ഉപരോധം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയ്ക്കു പുറമെ ഉ.കൊറിയ, ഇറാന്‍ എന്നീ രാജ്യങ്ങള്‍ക്കെതിരേയും അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 'കൗണ്ടറിങ് അമേരിക്കാസ് അഡ്‌വേഴ്‌സറീസ് ത്രു സാങ്ഷന്‍സ് ആക്ട് ' എന്ന പേരില്‍ യു.എസ് ഭരണകൂടം മുന്നോട്ടുവച്ച ഉപരോധ ബില്ല് കോണ്‍ഗ്രസും സെനറ്റും സമ്പൂര്‍ണമായി പിന്താങ്ങിയിരുന്നു. ബുധനാഴ്ചയാണ് ബില്ലില്‍ ട്രംപ് ഒപ്പുവച്ചത്.
2016ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ നടത്തിയതായി ആരോപിക്കപ്പെടുന്ന ഇടപെടലുകളും ഉക്രൈനിലെ റഷ്യന്‍ അധിനിവേശവുമാണ് നടപടികളിലേക്കു നയിച്ചതെന്നാണ് യു.എസ് വൃത്തങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."