ആയുര്‍വേദ കോളജ് പേ വാര്‍ഡ് മന്ദിരത്തിന് ശാപമോക്ഷം; പ്രവേശനോദ്ഘാടനം 18ന് കെട്ടിടോദ്ഘാടനം കഴിഞ്ഞിട്ട് ഒന്നരവര്‍ഷം ജല,വൈദ്യുതി കണക്ഷനുകള്‍ കിട്ടാന്‍ വൈകി
തിരുവനന്തപുരം: കോടികള്‍ മുടക്കി തിരുവനന്തപുരം ആയുര്‍വേദ കോളജില്‍ നിര്‍മിച്ച പേ വാര്‍ഡ് മന്ദിരത്തിന് ഒടുവില്‍ ശാപമോക്ഷം. മുറികള്‍ ഈ മാസം പതിനെട്ടുമുതല്‍ രോഗികള്‍ക്കു തുറന്നു കൊടുക്കും. ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും ആശുപത്രി മുറികള്‍ തുറന്നു കൊടുക്കാനായിരുന്നില്ല. വൈദ്യുതിയുടെയും വെള്ളത്തിന്റെയും കണക്ഷന്‍ കിട്ടാത്തതായിരുന്നു പ്രധാന കാരണം.
കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് പേ വാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചത്. ഉദ്ഘാടനം കഴിഞ്ഞപ്പോഴാണ് വാര്‍ഡ് രോഗികള്‍ക്കു തുറന്നു കൊടുക്കാന്‍ പറ്റില്ലെന്നു അധികൃതര്‍ മനസിലാക്കുന്നത്.കെട്ടിടത്തിന് ടി.സി നമ്പര്‍ കിട്ടിയിരുന്നില്ല. അതുകൊണ്ടു ജല,വൈദ്യുതി കണക്ഷനുകളും കിട്ടിയില്ല. തുടര്‍ന്നു കെട്ടിട നമ്പറിനായി ആശുപത്രി അധികൃതര്‍ അപേക്ഷ നല്‍കിയെങ്കിലും അത് നല്‍കാന്‍ കോര്‍പറേഷന്‍ കാലതാമസമെടുത്തു. അങ്ങനെയാണ് ഒന്നര വര്‍ഷം പിന്നിട്ടത്. കോടികള്‍ മുടക്കി കെട്ടിടം നിര്‍മിച്ചിട്ടും അത് രോഗികള്‍ക്കായി തുറന്നു കൊടുക്കാത്തതില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നേരത്തെ പ്രതിഷേധമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിനുശേഷം പുതിയ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് അധികൃതര്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്.
ഔപചാരിക ഉദ്ഘാടനം കഴിഞ്ഞതിനാല്‍ പ്രവേശനോദ്ഘാടനം നടത്തിയാണ് കെട്ടിടം രോഗികള്‍ക്കായി തുറന്നു നല്‍കുന്നത്. ഈ മാസം 18ന് കെട്ടിടത്തിന്റെ പ്രവേശനോദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ജി ചന്ദ്രകുമാര്‍ വ്യക്തമാക്കി.ആശുപത്രിയില്‍ 20 മുറികളാണ് കിടത്തി ചികിത്സക്കായി ഉണ്ടായിരുന്നത്. ഈ മുറികള്‍ അപര്യാപ്തമായപ്പോഴാണ് കൂടുതല്‍ മുറികളുള്ള പുതിയ കെട്ടിടമെന്ന ആശയത്തിലേക്ക് മുന്‍ സര്‍ക്കാര്‍ എത്തിയത്. 5.75 കോടി രൂപ മുടക്കിയാണ് പേ വാര്‍ഡ് മന്ദിരം നിര്‍മിച്ചത്. ഇവിടെ അറുപത് രോഗികളെ കിടത്തി ചികിത്സിക്കാനാകും. അതേസമയം, ആശുപത്രിക്കു മുന്നിലായി കെട്ടിട നിര്‍മാണത്തിനായി ഉപയോഗിച്ച പല വസ്തുക്കളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും കുന്നുകൂടി കിടക്കുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ക്കുപോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഒന്നരവര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുന്നതിനാല്‍ കെട്ടിടത്തിന്റെ പല ഭാഗങ്ങളും പൊടിയും മാലിന്യങ്ങളും കയറി മോശം സ്ഥിതിയിലാണ്. പ്രവേശനോദ്ഘാടനം കെങ്കേമമാക്കാന്‍ അധികൃതര്‍ക്കു ഇനിയും ചെയ്യാന്‍ കാര്യങ്ങളേറെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."