തകര്‍ന്നടിഞ്ഞ് നികുതി വരുമാനം
ഓരോ സാമ്പത്തിക വര്‍ഷവും സംസ്ഥാനത്തിന്റെ വരുമാനത്തിന് മുകളിലേയ്ക്ക് ചെലവ് വര്‍ധിച്ചു കൊണ്ടിരിക്കുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തിന്റെ ധന കമ്മി വര്‍ധിക്കുന്നു. സര്‍ക്കാര്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ നിലയ്ക്കാണ് ധനസ്ഥിതി മുന്നോട്ട് പോകുന്നതെങ്കില്‍ സംസ്ഥാനം ധനകാര്യ തകര്‍ച്ചയിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും നീങ്ങുമെന്നും ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ 2016 ജൂണ്‍ മാസത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ധവളപത്രത്തില്‍ എഴുതിച്ചേര്‍ത്തത് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ നമ്മുടെ സംസ്ഥാന ധനകാര്യമന്ത്രി തന്നെയാണ്. അതുകൊണ്ട് തന്നെ ഈ സാമ്പത്തിക പ്രതിസന്ധി യാഥാര്‍ഥ്യമാണോ എന്നതില്‍ സംശയിക്കേണ്ട കാര്യമില്ല.
വര്‍ഷം രണ്ടര പിന്നിടുമ്പോള്‍ സംസ്ഥാനം സാമ്പത്തിക അരാജകത്വത്തിലേക്ക് അതിവേഗം നീങ്ങുന്നതായ കണക്കുകളാണ് കാണുന്നത്. സംസ്ഥാനത്ത് വരുമാനം കുറഞ്ഞതിനെ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ല. അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുമെന്ന് ധനമന്ത്രി പ്രസ്താവനകള്‍ ഇറക്കുമെങ്കിലും ഓരോ വകുപ്പിലും ധൂര്‍ത്ത് യഥേഷ്ടം നടക്കുന്നു. നികുതി പിരിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തും അലംഭാവമുണ്ട്.
നികുതി കുടിശിക പിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നു എന്നാണ് അവകാശവാദം. അപ്പീല്‍ കേസുകളും കോടതി കേസുകളും എത്രയും വേഗം തീര്‍പ്പാക്കാന്‍ നടപടി തുടങ്ങിയത്രെ. ഇതിനായി നാല് ഡെപ്യൂട്ടി കമ്മിഷണര്‍ പോസ്റ്റും, 12 അസിസ്റ്റന്റ് കമ്മിഷണര്‍ പോസ്റ്റും സൃഷ്ടിച്ചു. എന്നാല്‍ നികുതി പിരിവ് കാര്യക്ഷമമാക്കിയില്ല. റവന്യു റിക്കവറി നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ധനമന്ത്രിയുടെയും റവന്യു മന്ത്രിയുടെയും നേതൃത്വത്തില്‍ കലക്ടര്‍മാരുടെ മീറ്റിങ്ങ് വിളിച്ചു ചേര്‍ത്തെങ്കിലും പിന്നീട് തുടര്‍ നടപടി ഉണ്ടായില്ല.
കൂടാതെ നികുതി കുടിശിക തീര്‍പ്പാക്കുന്നതില്‍ ആംനസ്റ്റി പദ്ധതി നടപ്പിലാക്കിയെങ്കിലും അതില്‍ പ്രയോജനം കണ്ടില്ല. ഇതേ തുടര്‍ന്ന് ആംനസ്റ്റി സ്വീകരിച്ചവര്‍ക്ക് കുടിശികകള്‍ അടയ്ക്കാന്‍ അടുത്ത മാര്‍ച്ച് 31 വരെ സാവകാശം അനുവദിച്ചിരിക്കുകയാണ്.
റവന്യു കമ്മിയും ധനക്കമ്മിയും കൂടി
റവന്യു വരുമാനവും ചെലവും തമ്മിലെ അന്തരം സൂചിപ്പിക്കുന്ന റവന്യു കമ്മി 16,183 കോടിയായി. ആകെ ചെലവും വായ്പയൊഴിച്ചുള്ള വരുമാനവും തമ്മിലെ അന്തരം വ്യക്തമാക്കുന്ന ധനക്കമ്മി 23,686 കോടിയായി. സാമ്പത്തിക തകര്‍ച്ച മൂടിവയ്ക്കാനായി റവന്യു കമ്മിയില്‍ 8,892 കോടിയും ധനക്കമ്മിയില്‍ 9,378 കോടിയും കുറച്ചു കാണിച്ചതായി കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ തന്നെ കണ്ടെത്തി. സംസ്ഥാനം ചെലവിടുന്ന തുകയുടെ വെറും 8 ശതമാനം മാത്രമാണ് വികസന പദ്ധതികള്‍ക്കായി വിനിയോഗിക്കുന്നത്. ഈ വര്‍ഷം ബജറ്റില്‍ 16,269 കോടി രൂപ വികസന പദ്ധതികള്‍ക്കായി മാറ്റിവച്ചിട്ടുണ്ടെങ്കിലും ഇതുവരെ 5,206 കോടിയെ ചെലവിട്ടിട്ടുള്ളൂ.
സെക്രട്ടറിതല സമിതിയുണ്ട്, പക്ഷേ
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും സാമ്പത്തിക അച്ചടക്കം ഉറപ്പാക്കാനും വിഭവ സമഹാരണം മെച്ചപ്പെടുത്താനും ഒരു സെക്രട്ടറി തല സമിതിയുണ്ടിവിടെ. ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് അധ്യക്ഷന്‍. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് വിഭവത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരാണ് വിഭവ സമാഹരണ കമ്മിറ്റി (ആര്‍.എം.സി) അംഗങ്ങള്‍. സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ നവംബര്‍ 15ന് ചേരുകയുണ്ടായി. റവന്യു, എക്‌സൈസ് വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്.
അധിക വിഭവ സമാഹരണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍, ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ വകുപ്പ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. കൂടാതെ അനാവശ്യ ചെലവുകള്‍ ഒഴിവാക്കി പദ്ധതിയേതര ചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് യോഗം പിരിഞ്ഞു. എന്നാല്‍ ആ യോഗത്തിനു ശേഷം ഒന്നും ഇവിടെ നടന്നില്ല. അധികാരി വര്‍ഗം ഒന്നും നടപ്പിലാക്കാന്‍ സമ്മതിച്ചില്ലെന്ന് എന്നു തന്നെ പറയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."