പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ ആത്മഹത്യ; അധ്യാപകനെതിരേ പ്രതിഷേധം ശക്തം
മാനന്തവാടി: പ്ലസ് വണ്‍ വിദ്യാര്‍ഥി തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാലയത്തിനെതിരേയും ആരോപണ വിധേയനായ അധ്യാപകനെതിരേയും പ്രതിഷേധം ശക്തമാവുന്നു. ദ്വാരക സേക്രട് ഹാര്‍ട് സ്‌കൂളിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥി തരുവണ പാലയാണ പി.സി വൈഷ്ണവ്(17) ഇന്നലെ വൈകുന്നേരമാണ് സ്‌കൂളിലെ അധ്യാപകനെതിരേ ആത്മഹത്യ കുറിപ്പെഴുതി വെച്ച് തീകൊളുത്തി മരിച്ചത്. കഴിഞ്ഞ വിര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച വൈഷ്ണവ് അര്‍ധവാര്‍ഷിക പരീക്ഷക്ക് തയ്യാറെടുക്കുന്നതിനിടെയാണ് തിങ്കളാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തത്. വീട്ടില്‍ മുത്തശ്ശി മാത്രമുണ്ടായിരുന്ന സമയത്ത് മുകളിലത്തെ നിലയില്‍ കയറി ദേഹത്ത് മണ്ണെണ്ണെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. നാട്ടുകാര്‍ വിവരമറിഞ്ഞെത്തുമ്പോള്‍ മരിച്ച നിലയിലാണ് വിദ്യാര്‍ഥിയെ കണ്ടത്. വെള്ളമുണ്ട പൊലിസെത്തി നടത്തിയ പരിശോധനയിലാണ് സ്‌കൂളിലെ കെമിസ്ട്രി അധാപകന്‍ നോബിളിനെതിരേയുള്ള ആത്മഹത്യാകുറിപ്പ് പുസ്തകത്തില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ വെള്ളമുണ്ട പൊലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം രാത്രിയോടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിലെ ദുരൂഹത നീക്കണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാര്‍ഥിയുടെ ആത്മഹത്യാ കുറിപ്പിലൂടെ പഠനഭാരവും റിസല്‍ട്ടിനായുള്ള മാനസിക സമ്മര്‍ദ്ദവും താങ്ങാന്‍ കഴിയാതെയാണ് മരിക്കുന്നത് എന്നുള്ള സൂചനയാണുള്ളത്. എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ഥിയായിട്ടും വിദ്യാലയ അധികൃതരുടെ ഭാഗത്ത് നിന്ന് വിദ്യാലയത്തിന്റെ സല്‍പ്പേരിന് വേണ്ടിയുള്ള സമ്മര്‍ദ്ദങ്ങളുണ്ടായതാണ് മരണത്തിന് കാരണമായെന്നത് ഗൗരവ പൂര്‍വ്വം കാണണം. വിശദമായ അന്വേഷണം നടത്തി ആത്മഹത്യക്ക് പിന്നിലെ കാരണങ്ങള്‍ കണ്ടെത്തണമെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിക്ക് അധികൃതര്‍ തയാറാകണമെന്നും എം.എസ്.എഫ് ആവശ്യപ്പെട്ടു. ഇതിനിടെ പരാമര്‍ശ വിധേയനായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്ത് കേസന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സ്‌കൂളിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
സ്‌കൂളിനെതിരേ നേരത്തെയും പലവിധ പരാതികളുണ്ടായിട്ടുണ്ടെന്നും അന്വേഷണത്തില്‍ അക്കാര്യങ്ങളുള്‍പ്പെടുത്തണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ ജോയിന്റ് സിക്രട്ടറി ജോബിന്‍സണ്‍ ആവശ്യപ്പെട്ടു. സ്‌കൂളിന് മുന്നില്‍ വെച്ച് മാര്‍ച്ച് മാനന്തവാടി ഡിവൈ.എസ്.പി കെ.എം ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം തടഞ്ഞു. എസ്.എഫ്.ഐ നേതാക്കളായ ഷാഫി, വൈഷ്ണവി, ഹരിശങ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സംഭവത്തില്‍ മരണക്കുറിപ്പ് കിട്ടിയ പശ്ചാത്തലത്തില്‍ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന അധ്യാപകനെതിരേ നടപടി വേണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. ആത്മഹത്യ കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അധ്യാപകന്റെ പീഡനത്തില്‍ മടുത്തുവെന്നും ജീവിതം അവസാനിപ്പിക്കുകയാണന്നും നിയമം അദ്ദേഹത്തിന് ശിക്ഷ നല്‍കട്ടെയെന്നും എഴുതിയിട്ടുണ്ട്. അധ്യാപകനെതിരേ അന്വേഷണം വേണം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും കെ.എസ്.യു ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് അമല്‍ജോയി പറഞ്ഞു. സുശോഭ് ചെറുകുമ്പം, നിഖില്‍ തോമസ്, അമല്‍ പങ്കജാക്ഷന്‍ സംസാരിച്ചു.
സംഭവത്തില്‍ ഉത്തരവാദിയായ അധ്യാപകനെ സര്‍വിസില്‍ നിന്നും സസ്‌പെന്റ് ചെയ്ത് വിദ്യാലയത്തിന്റെ സല്‍പേര് നിലനിര്‍ത്തണമെന്ന് വെള്ളമുണ്ട മണ്ഡലം ഐ.എന്‍.ടി.യു.സി യോഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും ട്രേഡ് യൂണിയന്‍ നേതാവുമായ വിനോദ് പാലയാണയുടെ മകനാണ് മരിച്ച വൈഷ്ണവ്. ആത്മഹത്യാകുറിപ്പിലെ പരാമര്‍ശങ്ങള്‍ പൊലിസും സ്‌കൂള്‍ അധികൃതരും ഗൗരവമായി കാണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.കെ മമ്മൂട്ടി അധ്യക്ഷനായി. വിദ്യാര്‍ഥിയുടെ ആത്മഹത്യയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ബി.ജെ.പി വെള്ളമുണ്ട പഞ്ചായത് കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം ബാലകൃഷ്ണന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."