അത്യപൂര്‍വ സമരത്തിന്റെ മനോഹാരിത
കേരളം ഇന്നലെ അത്യപൂര്‍വമായ ഒരു സമരസത്യഗ്രഹത്തിനാണ് സാക്ഷ്യം വഹിച്ചത്. ബി.ജെ.പി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരേ രാജ്യമൊട്ടാകെ പ്രതിഷേധാഗ്‌നിയില്‍ വെന്തുരുകുമ്പോള്‍ വേറിട്ടൊരു സമരം കൊണ്ടാണ് കേരളം ഒരു പക്ഷെ ലോകത്തിന്റെ ശ്രദ്ധ തന്നെ പിടിച്ചെടുത്തിരിക്കുന്നത്. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ചുകൊണ്ട് കേരളത്തില്‍ മുമ്പൊരിക്കലും ഇതുപോലൊരു സമരം നടന്നിട്ടുണ്ടാവില്ല. മതനിരപേക്ഷതയേയും ഭരണഘടനയേയും തകര്‍ക്കുന്ന ഒരു നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാല്‍ മറ്റെല്ലാ അഭിപ്രായങ്ങളും മാറ്റിവച്ച് കേരളം അതിന്റെ ചരിത്രപാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമാറ് ഒറ്റക്കെട്ടായി സമരരംഗത്തേക്കിറങ്ങുമെന്ന സന്ദേശമാണ് ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ, പ്രതിപക്ഷ സത്യഗ്രഹ സമരത്തിലൂടെ ഇന്ത്യക്ക് നല്‍കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായിവിജയന്‍ കേരളത്തില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുകയില്ലെന്നു പറഞ്ഞതിന് പിന്നാലെ, എങ്കില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരേ യോജിച്ചുകൊണ്ടള്ളൊരു സമരമായിരിക്കട്ടെ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അതിനദ്ദേഹം സമ്മതം മൂളിയതും ഇന്നലെ അത് പ്രാവര്‍ത്തികമായതും കേരളീയ കക്ഷിരാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു ഏടാണ് എഴുതിച്ചേര്‍ത്തിരിക്കുന്നത്.
രാജ്യത്തിന്റെ ജീവശ്വാസമായ ജനാധിപത്യവും മതേതരത്വവും തകരുമ്പോള്‍ മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കും യാതൊരു സ്ഥാനവും ഇല്ലെന്നും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ സമയമാണ് അടുത്തെത്തിയിരിക്കുന്നതെന്നുമുള്ള സന്ദേശം സാധാരണക്കാരന് നല്‍കുന്നതിന് ഈ സംയുക്ത സമരം ഉപകരിച്ചു എന്നതാണ് യാഥാര്‍ഥ്യം. ഇതൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും രാജ്യത്തെ ഒട്ടാകെ തകര്‍ക്കുന്ന വിപല്‍ക്കരമായ തീരുമാനമാണ് പൗരത്വ നിയമ ഭേദഗതി നിയമമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഭരണ, പ്രതിപക്ഷ സംയുക്ത സത്യഗ്രഹ സമരത്തിന് കഴിഞ്ഞിട്ടുണ്ട്. രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാതി, മത ഭേദമെന്യേ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുമ്പോള്‍ അത് ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്ന സന്ദേശമാണ് ലോകത്തിനാകമാനം ഇന്ത്യന്‍ യുവാക്കള്‍ നല്‍കിക്കൊണ്ടിരിക്കുന്നത് . ഇന്ത്യയുടെ മഹത്തായ പാരമ്പര്യമായ നാനാത്വത്തിലെ ഏകത്വമെന്ന തത്വമാണ് ഇതിലൂടെ ഇന്ത്യയിലെ ജനത ലോകത്തിന് നല്‍കിക്കൊണ്ടിരിക്കുന്നത്. അതാണ് ഓര്‍ക്കേണ്ടതും മാനിക്കേണ്ടതും.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ തനി നിറവും ഈ സമരം പുറത്തുകൊണ്ട് വന്നിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഒരു നിയമം പാസാക്കിയാല്‍ അത് അനുസരിക്കാന്‍ സംസ്ഥാനങ്ങള്‍ ബാധ്യസ്ഥമാണെന്ന അദ്ദേഹത്തിന്റെ വാദം ബാലിശമാണ്. ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ നിയമം നടപ്പിലാക്കില്ലെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണഘടനാ വിരുദ്ധമായ നിയമങ്ങളും തീരുമാനങ്ങളും കേന്ദ്രസര്‍ക്കാരില്‍ നിന്നുണ്ടായാല്‍ അത് അനുസരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥമല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ ഗവര്‍ണര്‍ക്കുള്ള മറുപടിയാണ്.
രാജ്യമൊട്ടാകെ പ്രതിഷേധം ആളിപ്പടരുകയാണ്. രാജ്യത്തെ സര്‍വകലാശാല വിദ്യാര്‍ഥികളൊക്കെയും തെരുവിലാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളെ പൊലിസ് തല്ലിച്ചതക്കുകയായിരുന്നു. ആസ്ത്മ രോഗിയായ വിദ്യാര്‍ഥിനിയെപ്പോലും ക്രൂരമായി മര്‍ദിച്ചു. 60ലധികം വിദ്യാര്‍ഥികളെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ വിട്ടുകിട്ടാന്‍ പൊലിസ് ആസ്ഥാനത്ത് വിദ്യാര്‍ഥികളും തദ്ദേശവാസികളും നടത്തിയ സമരത്തെ തുടര്‍ന്ന് പൊലിസ് വിട്ടയക്കുകയായിരുന്നു. എന്നാല്‍, മുഴുവന്‍ പേരേയും വിട്ടയച്ചിട്ടില്ലെന്നാരോപിച്ച് ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് അവസാനിപ്പിച്ച സമരം വിദ്യാര്‍ഥികള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. വിദ്യാര്‍ഥികളെ അതിനിഷ്ഠൂരമായി മര്‍ദിച്ചതില്‍ സുപ്രിം കോടതി സ്വമേധയാ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷക ഇന്ദിര ജയ് സിങ് ഹരജി നല്‍കിയിട്ടുമുണ്ട്.
ജാമിഅ മില്ലിയക്ക് പുറമെ ജെ.എന്‍.യു അലിഗഡ് സര്‍വകലാശാല, ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട്, ബനാറസ് ഹിന്ദു സര്‍വകലാശാല, യു.പിയിലെ ലഖ്‌നൗ ദാറുല്‍ ഉലും നദ്‌വത്തു കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും തെരുവിലാണ്. പൊലിസിന്റെ ക്രൂര മര്‍ദനങ്ങള്‍ വകവെക്കാതെ നിര്‍ഭയരായാണ് യുവത സമര രംഗത്തിറങ്ങിയിരിക്കുന്നത്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് ബഹുജന റാലിഉത്തര കൊല്‍ക്കത്തയിലേക്ക് നീങ്ങിയിരിക്കുന്നു.
പാര്‍ലമെന്റിന്റെ ഇരുസഭകളിലും അപ്പം ചുട്ടെടുക്കുന്നത് പോലെ പൗരത്വ നിയമ ഭേദഗതി പാസാക്കിയപ്പോള്‍ ജനം ഭയപ്പെട്ട് മിണ്ടാതിരുന്നുകൊള്ളുമെന്ന അമിത് ഷായുടെ സ്വപ്നമാണ് തകര്‍ന്നിരിക്കുന്നത്. രണ്ട് ദിനോസറുകള്‍ ഉള്ള ജുറാസിക്ക് റിപ്പബ്ലിക്കായി മാറിയ ഇന്ത്യയില്‍ നിങ്ങളെയാരും പേടിക്കുകയില്ലെന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന്റെ പാര്‍ലമെന്റ് പ്രസംഗമാണ് ഇന്ത്യന്‍ തെരുവുകളില്‍ യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നത്. ഈ സമരം വിജയിക്കുകയല്ലാതെ വേറെ പോംവഴികളൊന്നും ഇല്ല. അത്തരം ചിന്തകള്‍ക്ക് കുടുതല്‍ ഊര്‍ജം പകരുന്നതായിരുന്നു ഇന്നലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഭരണ, പ്രതിപക്ഷ സംയുക്ത സമരകാഹള ധ്വനി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."