മഅ്ദനി 1,18,000 രൂപ നല്‍കിയാല്‍ മതി- സുപ്രിം കോടതി
ന്യൂഡല്‍ഹി: മഅ്ദനിയുടെ യാത്രാ ചെലവ് കുറച്ചു.1,18,000 രൂപയായാണ് കുറച്ചത്. കഴിഞ്ഞ ദിവസം സുപ്രിം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ പുതുക്കിയ കണക്കനുസരിച്ചാണ് നടപടി.
കേരളത്തില്‍ തങ്ങുന്ന തിയ്യതികളില്‍ കോടതി മാറ്റം വരുത്തി. ഓഗസ്റ്റ് ആറു മുതല്‍ പത്തൊമ്പതു വരെ മഅ്ദനി കേരളത്തില്‍ തങ്ങും. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കണമെന്ന ആവശ്യം കോടതി തള്ളി.
ചെലവ് ചുമത്തുന്നത് സംബന്ധിച്ച പ്രശാന്ത് ഭൂഷന്റെ വാദം അംഗീകരിച്ച കോടതി വിചാരണത്തടവുകാരുടെ മേല്‍ മേല്‍ ചെലവ് ചുമത്തുന്നത് കീഴ് വഴക്കമാക്കരുതെന്ന് ചൂണ്ടിക്കാട്ടി.
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ പോകുന്നതിനു ഭാരിച്ചതുക ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാരിന്റെ നടപടിയെ കഴിഞ്ഞ ദിവസം സുപ്രിംകോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. 15 ലക്ഷമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ട തുക. സുരക്ഷക്കായി ഭാരിച്ച തുക ഈടാക്കുന്നത് അനുവദിക്കാനാകില്ലെന്നും യാത്രാബത്തയും ക്ഷാമബത്തയും(ഡി.എ, ടി.എ) മാത്രമേ ഈടാക്കാവൂ എന്നും ജസ്റ്റിസുമാരായ എസ്.എ.ബോബ്‌ഡെയും നാഗേശ്വര്‍ റാവുവും അടങ്ങുന്ന രണ്ടംഗബെഞ്ച് വ്യക്തമാക്കി. ഡി.എയും ടി.എയും ഇനത്തില്‍ എത്ര രൂപയാണ് ഈടാക്കുകയെന്ന് വെള്ളിയാഴ്ചതന്നെ അറിയിക്കണമെന്നും സുപ്രിംകോടതി കര്‍ണാടകയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു.
സുരക്ഷക്ക് കുറഞ്ഞ ചെലവേ ഈടാക്കാവൂ എന്ന നിര്‍ദേശത്തോടെ തിങ്കളാഴ്ചയാണ് മഅ്ദനിക്ക് സുപ്രിംകോടതി ജാമ്യത്തില്‍ ഇളവുനല്‍കിയത്. എന്നാല്‍ ഭാരിച്ച തുക കര്‍ണാടക പൊലിസ് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇത്രയും തുക നല്‍കി കേരളത്തില്‍ പേകേണ്ടതില്ലെന്ന് മഅ്ദനി തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."