കോഴിക്കോടിനെ മാതൃകാ നഗരമാക്കാന്‍ വ്യാപാരികളുടെ പിന്തുണ വേണം: കലക്ടര്‍
കോഴിക്കോട്: കോഴിക്കോടിനെ മാതൃകാ നഗരമാക്കുന്നതിനു വ്യാപാരി സമൂഹത്തിന്റെ പിന്തുണ ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ശീറാം സാംബശിവ റാവു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മിഠായിത്തെരുവ്: പഠിച്ച ശേഷം പറയാം
മിഠായിത്തെരുവില്‍ വാഹന ഗതാഗതത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട് വിശദമായി പഠിച്ചതിനു ശേഷം പറയാമെന്ന് വ്യാപാരികളുടെ ചോദ്യത്തിനു മറുപടിയായി കലക്ടര്‍ പറഞ്ഞു. മിഠായിത്തെരുവില്‍ സൗന്ദര്യത്തിനും തനിമയ്ക്കും സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രാധാന്യം നല്‍കിയതു കൊണ്ടായിരിക്കാം മുന്‍ കലക്ടര്‍ ഇവിടെ വാഹനഗതാഗതം നിരോധിച്ചതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മികച്ചത് കോഴിക്കോട് തന്നെ
വയനാടാണ് കേരളത്തിലെ ഏറ്റവും നല്ല ജില്ലയെന്നായിരുന്നു ഇത്രയും കാലം എന്റെ അഭിപ്രായം. എന്നാല്‍ അതു കോഴിക്കോടാണെന്ന് ഇപ്പോള്‍ ഞാന്‍ മാറ്റിപ്പറയുകയാണ്. ഇവിടുത്തെ ജനങ്ങളുടെ പിന്തുണയാണ് എല്ലാത്തിന്റെയും കരുത്ത്. തുടര്‍ന്നും ഇതു പ്രതീക്ഷിക്കുന്നു. കോഴിക്കോടിനെ മാതൃകാ നഗരമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വ്യാപാരികളുടെയും പൊതുജനങ്ങളുടെയും മറ്റുള്ളവരുടെയും യോജിച്ചാണ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണണം
മാലിന്യ നിര്‍മാര്‍ജനമാണ് കോഴിക്കോട്ടെ പ്രധാനപ്രശ്‌നം. ശുചിത്വ പ്രശ്‌നത്തില്‍ ജില്ലാ ഭരണകൂടം നേരിട്ട് ഇടപെടാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ആദ്യപടിയായി ഹോട്ടലുകളിലെ മാലിന്യപ്രശ്‌നത്തിന്റെ പരിഹാരത്തിന് അസി. കലക്ടറുടെ അധ്യക്ഷതയില്‍ കോര്‍പറേഷന്‍ ആരോഗ്യവിഭാഗം, ശുചിത്വ മിഷന്‍, ഹോട്ടല്‍ റസ്റ്ററന്റ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ചുചേര്‍ക്കും. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും പൊതുജനങ്ങള്‍ക്ക് ശുചിമുറികള്‍ തുറന്നുനല്‍കുന്നതിനും ശുദ്ധജലം ലഭ്യമാക്കുന്നതിനുമുള്ള ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തോട് അസോസിയേഷന്‍ ഭാരവാഹികള്‍ നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിനോടനുബന്ധിച്ചു തന്നെ മാലിന്യ സംസ്‌കരണ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൈലറിങ് വേസ്റ്റിനും പരിഹാരം
നഗരത്തിലെ ടൈലറിങ് കടകളിലെ വേസ്റ്റുകള്‍ സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ടൈലേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇവിടെ നിന്ന് വരുന്ന മാലിന്യങ്ങള്‍ ശേഖരിച്ച് വിപണനമൂല്യമുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇതിനു ഹരിതകര്‍മസേനയുമായി യോജിച്ച് പ്രവര്‍ത്തിക്കാനാകുമോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. മാവൂര്‍ റോഡിലെ വെള്ളക്കെട്ടിന്റെ കാര്യം ജില്ലാ വികസന കമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍, ജനറല്‍ സെക്രട്ടറി കെ. സേതുമാധവന്‍, ട്രഷറര്‍ എ.വി.എം കബീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."