പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടിലും പ്രതിഷേധം; ഒറ്റക്കെട്ടായി മുന്നേറണം, കേരളം മാതൃകയെന്ന് കനിമൊഴി
ചെന്നൈ: ദേശീയ പൗരത്വ നിയമത്തിനെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധ റാലിയുമായി ഡി.എം.കെ (ദ്രാവഡി മുന്നേറ്റ കഴകം). ഡി.എം.കെ നേതാവും തൂത്തുകുടി എം.പിയുമായ കനിമൊഴിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചെന്നൈയിലും ചെപോക്കിലും പ്രതിഷേധ റാലികള്‍ നടന്നു. ചെപോക്കില്‍ നടന്ന പ്രകടനത്തിന് ഡി.എം.കെ എം.പി ദയാനിധി മാരനാണ് നേതൃത്വം നല്‍കിയത്.
ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള നിയമങ്ങള്‍ ഡി.എം.കെ അംഗീകരിക്കില്ലെന്ന് ചെന്നൈയില്‍ കലക്ടറേറ്റിന് മുന്നില്‍ നടന്ന റാലിയില്‍ കനിമൊഴി പറഞ്ഞു. ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ഒന്നിച്ചു നിന്ന് പ്രതിഷേധിച്ച കേരളം മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമഭേദഗതിയില്‍ ശ്രീലങ്കന്‍ തമിഴ് വംശജരെ ഉള്‍പ്പെടുത്താതിരുന്നത് വിവേചനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരില്‍ നിയമത്തിലുള്ള വേര്‍തിരിവുകള്‍ അംഗീകരിക്കാനാവില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ സംസ്ഥാനത്തെ ഭരണകക്ഷി എ.ഐ.എ.ഡി.എം.കെ രാജ്യത്തിന് തന്നെ നാണക്കേടാണെന്നും അവര്‍ വിമര്‍ശിച്ചു. പ്രതിഷേധ റാലികളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് അണിനിരന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."