കനോലി കനാലിന്റെ പ്രതാപം വീണ്ടെടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി : കോഴിക്കോട് കനോലി കനാലിന്റെ പഴയ പ്രതാപം വീണ്ടെടുക്കണമെന്നും കനാലില്‍ കൂടുതല്‍ ചെളി അടിയുന്നതും കനാല്‍ ഭൂമി കൈയേറുന്നതും സര്‍ക്കാര്‍ തടയണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
കനോലി കനാലിന്റെ സംരക്ഷണം ആവശ്യപ്പെട്ട് കോഴിക്കോട് കാരാപ്പറമ്പ് സ്വദേശിനി ജന്നത്ത് നിസ ഉള്‍പ്പെടെ 11 പേര്‍ നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. 1848 ല്‍ മലബാറിലെ ബ്രിട്ടീഷ് കലക്ടറായിരുന്ന ഹെന്റി വാലന്റൈന്‍ കനോലിയാണ് ഈ കനാല്‍ ചരക്കു നീക്കത്തിനും ഉള്‍നാടന്‍ ജലഗതാഗതത്തിനുമായി തുറന്നു കൊടുത്തത്.
എന്നാല്‍ ട്രെയിനുകളുടെ വരവോടെ കനാലിന്റെ ഉപയോഗം പരിമിതമായെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ചെളിയും മാലിന്യങ്ങളും അടിഞ്ഞ് കനാല്‍ നികന്ന നിലയിലായെന്നും ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.
കനോലി കനാലിന്റെ കോഴിക്കോട് നഗരസഭയുടെ പരിധിയിലുള്ള ഭാഗം മാലിന്യങ്ങള്‍ തള്ളാനുള്ള മേഖലയായി മാറിക്കഴിഞ്ഞുവെന്നു കോടതി വിലയിരുത്തി. ഇതു തുടര്‍ന്നാല്‍ ജലഗതാഗതം സാദ്ധ്യമല്ലാതായിത്തീരും. ഉടന്‍ ചെളി നീക്കി, നീരൊഴുക്ക് സുഗമമാക്കിയില്ലെങ്കില്‍ കുറച്ചു കാലം കൊണ്ട് കനാല്‍ അപ്രത്യക്ഷമാകും.
നികത്തു ഭൂമിയായി കനോലി കനാല്‍ മാറുന്നതോടെ കൈയേറ്റവും വ്യാപകമാവും. ഇതു തടയണം.
കനാലിന്റെ വീതികൂട്ടുന്നതില്‍ നിന്ന് സര്‍ക്കാരിനെ ഒഴിവാക്കുകയല്ല, ചെളി നീക്കലാണ് അടിയന്തരമായി ചെയ്യേണ്ടത്.
ചെളി നീക്കി എട്ട് മീറ്ററെങ്കിലും ആഴമുള്ള കനാലാക്കി നിലനിറുത്തുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടത്.
ഇതിന് സര്‍ക്കാര്‍ ഉടന്‍ നടപടിയെടുക്കുമെന്ന് കരുതുന്നതായും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."