കാടുപിടിച്ച പാതയോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു
പള്ളിക്കല്‍: കാട്പിടിച്ച റോഡോരങ്ങള്‍ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാകുന്നു. നടപ്പാതയും കഴിഞ്ഞ് പുല്‍ക്കാടുകള്‍ റോഡിലെത്തിയതിനാല്‍ കാല്‍നട യാത്രക്കാര്‍ റോഡില്‍ കയറി നടക്കേണ്ട ദുരവസ്ഥയാണ്. കാലിക്കറ്റ് സര്‍വകലാശാലാ കാംപസിലൂടെ കടന്നുപോകുന്ന ദേശീയപാത ചെട്ട്യാര്‍മാട് - ഒലിപ്രം റോഡില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ വസതിക്കു മുന്നിലാണ് ഈ ദുരവസ്ഥ. ഈ റോഡില്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ റോഡോരം കാടുപിടിച്ച നിലയിലായത്. വസതിക്ക് മുന്നിലെ റോഡില്‍ പുല്‍കാടുകള്‍ക്കുള്ളില്‍ മാലിന്യ ചാക്കുകള്‍ നിറഞ്ഞതിനാല്‍ മൂക്കുപൊത്തിയാണ് ഇതുവഴിയുള്ള കാല്‍നട യാത്ര. കാലിക്കറ്റ് സര്‍വകാലാശാല കാംപസിലെ സ്‌റ്റേഡിയത്തിലേക്കും സര്‍വകലാശാലാ പഠന വിഭാഗങ്ങളിലേക്കും വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ യാത്ര ചെയ്യുന്ന റോഡിലാണ് ഈ ദുരവസ്ഥ. അപകട രഹിത മലപ്പുറം പദ്ധതിയുടെ ഭാഗമായി തേഞ്ഞിപ്പലം പൊലിസും ട്രോമാ കെയര്‍ വളണ്ടിയര്‍മാരും സംയുക്തമായി രണ്ട് ദിവസം മുന്‍പ് ദേശീയപാതയില്‍ ശുചീകരണ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചെങ്കിലും സര്‍വകലാശാലാ മെയിന്‍ ഗെയിറ്റ് മുതല്‍ പൊലിസ് സ്റ്റേഷന്‍ വരെയുള്ള കുറഞ്ഞ ഭാഗങ്ങളില്‍ പേരിന് മാത്രം പ്രവൃത്തി നടത്തുകയായിരുന്നുവെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ദേശീയപാതയോരത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച നടപ്പാതക്കാണ് ഈ ദുരവസ്ഥ. മാലിന്യം തള്ളുന്നത് പതിവായതിനാല്‍ ഇവിടം തെരുവ് നായകളുടെ വിഹാര കേന്ദ്രവുമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."