മൈക്രോഫിനാന്‍സ് തട്ടിപ്പ് വെള്ളാപ്പള്ളി പ്രതിയായ കേസില്‍ വിചാരണ നാളെ തുടങ്ങും
പത്തനാപുരം: എസ്.എന്‍.ഡി.പിയോഗത്തിന്റെ കീഴിലുള്ള പത്തനാപുരം യൂനിയനിലെ മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ നാളെ വിചാരണ ആരംഭിക്കും.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതി ചേര്‍ക്കപ്പെട്ട കേസിലാണ് പുനലൂര്‍ മുന്‍സിഫ് കോടതി വാദം കേള്‍ക്കുക. പുന്നല വഴങ്ങോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഐശ്വര്യ സ്വയം സഹായസംഘത്തിന്റെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
എസ്.എന്‍.ഡി.പി പത്തനാപുരം യൂനിയന്‍ ഭാരവാഹികള്‍, 429-ാംനമ്പര്‍ പുന്നല ശാഖ, പത്തനാപുരം യൂനിയന്‍ ബാങ്ക് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. 2010ല്‍ സംഘത്തിന് യൂനിയന്‍ വഴി ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പ നല്‍കി. തുടര്‍ന്ന് വായ്പ തുക പൂര്‍ണമായും അംഗങ്ങള്‍ പത്തനാപുരം യൂനിയനില്‍ തന്നെ തിരിച്ചടച്ചു. എന്നാല്‍ 2015ല്‍ ബാങ്കില്‍ നിന്നും അന്‍പതിനായിരം രൂപയും അതിന്റെ പലിശയും വീണ്ടും അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചു.അന്വേഷിച്ചപ്പോള്‍ യൂനിയന്‍ ബാങ്കില്‍ നിന്നും സംഘത്തിന്റെ പേരില്‍ രണ്ട് ലക്ഷത്തി അന്‍പതിനായിരം രൂപയാണ് കടമെടുത്തതെന്ന് വ്യക്തമായി. തുടര്‍ന്ന് സ്വയം സഹായസംഘം അംഗങ്ങള്‍ വെള്ളാപ്പള്ളി നടേശനോട് പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടയില്‍ ബാങ്ക് ജപ്തി നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്വയം സഹായ സംഘങ്ങള്‍ പത്തനാപുരം പൊലീസില്‍ പരാതി നല്‍കി. തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിട്ടതോടെയാണ് സംഘം 2016 മാര്‍ച്ചില്‍ പുനലൂര്‍ കോടതിയില്‍ കേസ് നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷിക്കുകയും കേസെടുക്കുകയും ആയിരുന്നു. സിവില്‍ നടപടി നിയമവും 26-ാം വകുപ്പ് പ്രകാരവുമാണ് കേസ്. വാദി ഭാഗത്ത് 19 പേരും പ്രതിഭാഗത്ത് നാല് പേരുമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."