വീണ്ടും കാട്ടാന ഭീഷണി; തൊഴിലാളികള്‍ ആറളം ഫാം ഓഫിസ് ഉപരോധിച്ചു
ഇരിട്ടി: ആറളം ഫാമില്‍ വീണ്ടും കാട്ടാന ഭീഷണി. കശുമാവിന്‍ തോട്ടത്തിലെ കാടുവെട്ടുന്നതിനിടയില്‍ കാട്ടാനകളുടെ മുന്നില്‍പ്പെട്ട് ഭയന്നോടിയ തൊഴിലാളികള്‍ ആറളം ഫാം ഓഫിസ് ഉപരോധിച്ചു. ഇന്നലെ രാവിലെ ഫാമിലെ കശുമാവിന്‍ തോട്ടത്തില്‍ കാട് തെളിക്കാനെത്തിയ തൊഴിലാളികളുടെ മുന്നിലേക്കാണ് കാട്ടാനകള്‍ ചിഹ്നം വിളിച്ച് കുതിച്ചെത്തിയത്. ഈ സമയം നാല്‍പ്പതോളം സ്ത്രീ തൊഴിലാളികള്‍ ഫാമിലെ എട്ടാം ബ്ലോക്കില്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നു. ഭയന്ന് വിറച്ച തൊഴിലാളികള്‍ ഇവിടെനിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് സംഘടിച്ചെത്തിയ തൊഴിലാളികള്‍ ഫാമിന്റെ ഓടന്തോട് ഓഫിസിലെത്തി പ്രതിഷേധിച്ചു. ഇതിനിടയില്‍ ഓഫിസിലെ ഉദ്യോഗസ്ഥരും തൊഴിലാളികളും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും ചെയ്തു. തങ്ങളുടെ ജീവന് സുരക്ഷിതത്വം നല്‍കാതെ തൊഴിലെടുക്കാന്‍ കഴിയില്ലെന്ന് പറഞ്ഞാണ് തൊഴിലാളികള്‍ ഫാം ഓഫിസ് ഉപരോധിച്ചത്. തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഫാമിന്റെ ചുമതല വഹിക്കുന്ന ജില്ലാ കലക്ടറെ വിവരമറിയിക്കുകയും ജില്ലാ ഭരണകൂടം ഡി.എഫ്.ഒ അടക്കമുള്ളവരുമായി ബന്ധപ്പെടുകയും ചെയ്തു. അടുത്തദിവസം ആനയെ തുരത്താനുള്ള നടപടിയുണ്ടാകുമെന്ന ഉറപ്പ് ഡി.എഫ്.ഒയില്‍നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിച്ചതോടെയാണ് തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ച് പിരിഞ്ഞുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."