മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഏഴു പേര്‍ രക്ഷപ്പെട്ടു; രണ്ടു പേര്‍ പിടിയില്‍; വന്‍ സുരക്ഷാ വീഴ്ച്ചയുണ്ടായതായി റിപ്പോര്‍ട്ട്
തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏഴ് അന്തേവാസികള്‍ രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരില്‍ ആറുപേര്‍ വിവിധ ജയിലുകളിലെ റിമാന്‍ഡ് തടവുകാരാണ്. സുരക്ഷാ ജീവനക്കാരെ ആക്രമിച്ചും നഴ്‌സുമാരെ പൂട്ടിയിട്ടുമാണ് ഇവര്‍ രക്ഷപ്പെട്ടത്. തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു, വിപിന്‍, ജിനീഷ് എന്നീ പ്രതികളും രാഹുല്‍ എന്ന രോഗിയുമാണ് രക്ഷപ്പെട്ടത്.
ഇവരില്‍ രണ്ടു പേരെ പൊലിസ് പിടികൂടി. ഒരു റിമാന്‍ഡ് പ്രതിയേയും അന്തേവാസിയെയുമാണ് പിടികൂടിയത്. മറ്റുള്ളവര്‍ക്കായി പൊലിസ് തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ രാത്രി 7.50 നായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനായി സെല്ലില്‍ നിന്ന് പുറത്തിറക്കിയതായിരുന്നു ഇവരെ. ആദ്യം ഡ്യൂട്ടിയിലുണ്ടായിരുന്ന 2 നഴ്‌സുമാരെ മുറിയില്‍ പൂട്ടിയിട്ടു. ഈ സമയം പൊലിസുകാരനായ രജ്ഞിത്ത് ഇവരെ തടയാനെത്തി. ഉടന്‍ രജ്ഞിത്തിനെ മര്‍ദ്ദിച്ച് അവശനാക്കുകയും അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കവരുകയും ചെയ്ത ശേഷം താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്ന് സംഘം രക്ഷപ്പെടുകയായിരുന്നു.
മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ സംവിധാനമുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ചെലവ് ചുരുക്കാന്‍ രണ്ടു സുരക്ഷാ ജീവനക്കാരെ ഒഴിവാക്കിയിരുന്നു. ആവശ്യത്തിനു സുരക്ഷ ഉറപ്പാക്കണമെന്ന കലക്ടറുടെ നിര്‍ദേശം പാലിച്ചില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."