മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്
പാലോട്ടുപള്ളിയില്‍ പതറാതെ യു.ഡി.എഫ്
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഏറെ സ്വാധീനമുള്ള വാര്‍ഡാണ് മുപ്പതാം വാര്‍ഡായ പാലോട്ടുപള്ളി, മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു വരുന്ന വാര്‍ഡാണിത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്‌ലിംലീഗിലെ നജ്മയും എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥിയായി സുനീറയും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ആര്‍.കെ ജൂസെനയുമാണ് മത്സര രംഗത്തുള്ളത്. ഇത്തവണ സംവരണമായതിനാല്‍ മികച്ച പോരാട്ടത്തിനാണിവിടെ കളമൊരുങ്ങുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ പാലോട്ടുപള്ളിയിലെ മുഴുവന്‍ റോഡുകളും ടാര്‍ ചെയ്യാന്‍ സാധിച്ചതും ക്ഷേമ പെന്‍ഷനുകള്‍ പൂര്‍ത്തീകരിച്ചതും തെരുവു വിളക്കുകള്‍ സ്ഥാപിച്ചതും വാര്‍ഡിലെ മുന്‍ കൗണ്‍സിലര്‍ ഇ.പി ശംസുദ്ദീന്‍ പറഞ്ഞു. എന്നാല്‍ പറയത്തക്ക ഒരു വികസനവും നടന്നിട്ടില്ലെന്നും ഈ തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നേടിയെടുക്കുമെന്നാണ് എല്‍.ഡി.എഫ് അവകാശവാദം. കഴിഞ്ഞ തവണ ആകെയുള്ള 894 വോട്ടര്‍മാരില്‍ 699 വോട്ട് പോള്‍ ചെയ്തപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.പി ഷംസുദ്ദീന് 418 വോട്ടും, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.പി ഇസ്മാഈലിനു 154 വോട്ടും എല്‍.ഡി.എഫിലെ ഐ.എന്‍.എല്‍ സ്ഥാനാര്‍ഥി ഡി. മുനീറിന് 127 വോട്ടുമാണ് ലഭിച്ചത്. 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ.പി ശംസുദ്ദീ
ന്‍ വിജയിച്ചത്. ഇത്തവണ വാര്‍ഡ് വിഭജനത്തില്‍ ചെറിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ കഴിയുമമെന്ന പ്രതീക്ഷയുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി നജ്മ പറഞ്ഞു.
പ്രവചനാതീതം കുഴിക്കല്‍
മട്ടന്നൂര്‍: നഗരസഭയിലെ പത്തൊമ്പതാം വാര്‍ഡായ കുഴിക്കലില്‍ ഇരുമുന്നണികള്‍ക്കും സ്വാധീനമുള്ള മേഖലയായതിനാല്‍ ഇത്തവണ കടുത്ത മത്സരമാണ് നടക്കുന്നത്.
വാശിയേറിയ പ്രചാരണത്തിനൊടുവില്‍ വാര്‍ഡ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കണ്ടറിയണം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ എം. ഷീബയും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസിലെ എം. ശ്രീമതിയും, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി എ.കെ രാഗിണിയുമാണ് മല്‍സര രംഗത്തുള്ളത്. മൂന്നുപേരും ആദ്യമായാണ് മല്‍സര രംഗത്തിറങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ കെ. രജീഷാണ് 21 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്.
നേരത്തെ 1171 വോട്ടര്‍മാരുണ്ടായിരുന്നത് ഇത്തവണ 1212 വോട്ടര്‍മാരായി വര്‍ധിച്ചിട്ടുണ്ട്. പുനഃക്രമീകരണത്തില്‍ ഏളക്കുഴി വാര്‍ഡിന്റെ കുറച്ചുഭാഗം കുഴിക്കല്‍ വാര്‍ഡില്‍ ഉള്‍പ്പെടുത്തുകയും കുഴിക്കല്‍ വാര്‍ഡിന്റെ ചെറിയ ഭാഗം ദേവര്‍ക്കാട് വാര്‍ഡിലേക്കു മാറ്റുകയും ചെയ്തിരുന്നു.
വാര്‍ഡില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാണിച്ച് എല്‍.ഡി.എഫ് വോട്ടുപിടിക്കുമ്പോള്‍ വാര്‍ഡിലെയും നഗരസഭയിലെയും വികസന മുരടിപ്പ് ഉയര്‍ത്തിയാണ് യു.ഡി.എഫ് വോട്ടു തേടുന്നത്. ഇതോടെ ഇത്തവണ കുഴിക്കലില്‍ മത്സരം തീപാറുമെന്നുറപ്പാണ്.
ഇടത്തോട്ടു ചെരിഞ്ഞ് ഇടവേലിക്കല്‍
മട്ടന്നൂര്‍: ഇടതുപക്ഷത്തിനു ശക്തമായ അടിത്തറയുള്ള വാര്‍ഡാണ് ഇടവേലിക്കല്‍. എന്നാല്‍ ഇത്തവണ കടുത്ത മത്സരം കാഴ്ചവെക്കാനുറച്ചാണ് യു.ഡി.എഫിന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയ വാര്‍ഡാണിത്.
സി.പി.എം സ്ഥാനാര്‍ഥിയായ കെ. രജത 617 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.എമ്മിലെ വി.കെ. രത്‌നാകരനും യു.ഡി.എഫിനായി കോണ്‍ഗ്രസിലെ കെ. ദിനേശനും എന്‍.ഡി.എ സ്ഥാനാര്‍ഥിയായി കെ.പി മനോജുമാണ് മല്‍സര രംഗത്തുള്ളത്.
വി.കെ രത്‌നാകരന്‍ രണ്ടാം തവണ മല്‍സരിക്കുന്നതെങ്കിലും മറ്റുള്ളര്‍ ആദ്യ മല്‍സരമാണ് കാഴ്ചവയ്ക്കുന്നത്. വാര്‍ഡ് പുനഃക്രമീകരിച്ചതോടെ വോട്ടര്‍മാരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 1031 ല്‍ നിന്ന് 920 ആയാണ് വോട്ടര്‍മാരുടെ എണ്ണം കുറഞ്ഞത്. വാര്‍ഡില്‍ വികസനങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് എല്‍.ഡി.എഫ് കണക്കുകൂട്ടല്‍. എന്നാല്‍ നഗരസഭയിലെ വികസന മുരടിപ്പ് വോട്ടായി മാറുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."