ജീവനക്കാര്‍ ജോലിഭാരം; ഇരട്ടിപ്പണിയുമായി ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്
ഇരിട്ടി: സംസ്ഥാനത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ ഉപജില്ലയായ ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി വിദ്യാഭ്യാസ ഉപജില്ല സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം വഴിമുട്ടി. ഇതോടെ ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസ് ജീവനക്കാര്‍ക്ക് ഇരട്ടിപ്പണിയായി. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ഇരിട്ടിയെ വിഭജിച്ച് പേരാവൂര്‍ ആസ്ഥാനമായി മറ്റൊരു ഉപജില്ലാ ഓഫീസ് കൂടി തുടങ്ങാന്‍ തീരുമാനിച്ചത്.
പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ അനുവദിക്കുകയും 12 തസ്തികകള്‍ സൃഷ്ടിക്കുകയും ഒരു ജൂനിയര്‍ സൂപ്രണ്ടിനെ നോഡല്‍ ഓഫിസറായി നിയമിക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ എല്ലാം കടലാസിലൊതുങ്ങുകയും വിഭജനം തകിടം മറിയുകയുമായിരുന്നു. ആറ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി, 13 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെ 113 സ്‌കൂളുകളുടെ ചുമതലയാണ് ഇരിട്ടി ഓഫിസിനുള്ളത്. കൂടാതെ ഇരുപതിലേറെ സ്‌പെഷല്‍ സ്‌കൂളുകളും പതിനൊന്നോളം ഏകാധ്യാപക വിദ്യാലയങ്ങളും പരിധിയില്‍പ്പെടും.
ഇരിട്ടി നഗരസഭയും മലയോര മേഖല ഉള്‍പ്പെടുന്ന പന്ത്രണ്ടോളം പഞ്ചായത്തുകളും ഇരിട്ടി വിദ്യാഭ്യാസ ഉപജില്ലയില്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ ഇരിക്കൂര്‍, മട്ടന്നൂര്‍ മണ്ഡലത്തിലെയും തില്ലങ്കേരി, കോളയാട് പഞ്ചായത്തുകളിലേയും ഏതാനും സ്‌കൂളുകളും ഇരിട്ടിയുടെ ഭാഗമായുണ്ട്. ഒന്നുമുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ 21,522 വിദ്യാര്‍ഥികള്‍ക്ക് ഉച്ച ഭക്ഷണം നല്‍കേണ്ട ചുമതലയും ഇവര്‍ നിര്‍വഹിക്കേണ്ടി വരുന്നു. വയനാടിന്റെ അതിര്‍ത്തി പ്രദേശമായ ഏലപ്പീടിക മുതല്‍ കര്‍ണാടകത്തിന്റെ അതിര്‍ത്തിയായ പേരട്ടവരെ നീണ്ടുകിടക്കുന്ന പ്രദേശങ്ങളില്‍ നിന്നും സ്‌കൂളുകളുടെ ഭരണപരമായ ആവശ്യങ്ങള്‍ക്കും മറ്റും ഇരിട്ടി ഓഫിസില്‍ എത്തിച്ചേരേണ്ട അധികൃതരുടെ കാര്യം ഏറെ ദയനീയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."