തെയ്യം കലാരംഗത്തെ കുലപതിക്ക് ആദരവോടെ വിട
പഴയങ്ങാടി: ഏഴര പതിറ്റാണ്ടിലേറെക്കാലം വടക്കേ മലബാറിലെ കാവുകളെയും തറവാടുകളെയും തെയ്യക്കോലങ്ങളിലൂടെയും ഉണര്‍ത്തിയ തെയ്യം കലാരംഗത്തെ കുലപതി കണ്ണപ്പെരുവണ്ണാന്‍ വിടവാങ്ങി. 17ാം വയസില്‍ പട്ടുവത്ത് ഇല്ലത്ത് വളപ്പില്‍ കോരന്റെ വീട്ടില്‍ കതിവനൂര്‍ വീരന്‍ കെട്ടി പട്ടും വളയും വാങ്ങിയ അദ്ദേഹം നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും കരസ്ഥമാക്കി. അച്ഛന്‍ കണ്ണപ്പെരുവണ്ണാന്റെയും അമ്മാവനായ കോരപ്പെരുവണ്ണാന്റെയും കീഴിലായിരുന്നു ശിക്ഷണം. ആയിരത്തിലധികം തവണ കതിവനൂര്‍ വീരന്‍, മുച്ചിലോട്ട് ഭഗവതി തുടങ്ങി എല്ലാ പ്രധാന തെയ്യക്കോലങ്ങളും കെട്ടി. 40 വര്‍ഷം അതിയടം പാലോട്ടുകാവില്‍ പാലോട്ട് ദൈവത്തിന്റെ കോലധാരിയായിരുന്നു. 1980 മുതല്‍ കുറച്ചുകാലം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു അദ്ദേഹം. സാമൂഹ്യ സാംസ്‌കാരിക രംഗത്തും കണ്ണപ്പെരുവണ്ണാന്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ചിട്ടുണ്ട്. ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണ്. പാലക്കാട് പാര്‍ട്ടി കോണ്‍ഗ്രസില്‍ വളണ്ടിയറായി പങ്കെടുത്തു. ശ്രീസ്ഥ ഗ്രാമീണ കലാസമിതി സ്ഥാപക അംഗമാണ്. 2005ല്‍ എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ അന്താരാഷ്ട്ര പഠന കോണ്‍ഗ്രസില്‍ ആദരം, 2006ല്‍ ഗുരുവായൂരപ്പന്‍ പുരസ്‌കാരം എന്നിവയും കരസ്ഥമാക്കി. വടക്കെ മലബാറിലെ കാവുകളില്‍ തെയ്യം എന്ന കലയെ അതിന്റെ അത്യുന്നതങ്ങളില്‍ എത്തിച്ചതില്‍ പ്രധാനിയായിരുന്നു കണ്ണപ്പെരുവണ്ണാന്‍. ഗന്ധര്‍വന്‍പാട്ട്, കുറുന്തിനിപ്പാട്ട് തുടങ്ങിയവയിലൂടെയും ശ്രദ്ധേയനായി. മൃതദേഹം ഇന്നു രാവിലെ 8.30 മുതല്‍ 9.30 വരെ ശ്രീസ്ഥ ഗ്രാമീണ കലാസമിതിയിലും 9.30 മുതല്‍ 10.30 വരെ നെരുവമ്പ്രം ഗാന്ധിസ്മാരക വായനശാല ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു വച്ച ശേഷം സംസ്‌കരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."