തലസ്ഥാനത്ത് ഹര്‍ത്താല്‍ ഭാഗികം
തിരുവനന്തപുരം: രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നടന്ന ഹര്‍ത്താല്‍ ചുരുക്കം ചില അക്രമണസംഭവങ്ങളൊഴിച്ചാല്‍ പൊതുവേ സമാധാനപൂര്‍ണമായിരുന്നു.
പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് പടിക്കലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
മിക്ക സ്ഥലങ്ങളിലും പെട്രോള്‍ പമ്പുകളടക്കം കടകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചാല, പാളയം മാര്‍ക്കറ്റുകള്‍ നിശ്ചലമായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പടെയുള്ളവ നിരത്തിലിറങ്ങിയില്ല. ഇരുചക്ര വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും മാത്രമാണ് സര്‍വിസ് നടത്തിയത്.
നെയ്യാറ്റിന്‍കര പത്താംകല്ലില്‍ രാവിലെ തിരുവനന്തപുരത്ത് നിന്ന് വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസിന് നേരെയുണ്ടായ കല്ലേറില്‍ ബസിന്റെ മുന്‍ ഗ്ലാസ് തകര്‍ന്നു. ഓട്ടോ സര്‍വിസും കുറവായിരുന്നു. റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തിയവര്‍ വാഹനം കിട്ടാതെ വലഞ്ഞു. വിവിധ ബസ് സ്റ്റേഷനുകളില്‍ കുടുങ്ങിയവരുടെ കാര്യവും വ്യത്യസ്തമല്ലായിരുന്നു. മറ്റ് ജില്ലകളില്‍ നിന്ന് തിരുവനന്തപുരത്തെത്തിയവരേയും ഹര്‍ത്താല്‍ വലച്ചു.
ഹര്‍ത്താലനുകൂലികള്‍ നഗരസഭയില്‍ കടക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ നഗരസഭക്ക് മുന്‍പില്‍ ബി.ജെ.പി പ്രവര്‍ത്തകരും ചെയര്‍മാനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തമ്പാനൂര്‍ റെയില്‍വേസ്റ്റേഷനില്‍ വന്നിറങ്ങിയ യാത്രക്കാര്‍ക്ക് പൊലിസ് വാഹന സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പൊലിസ് തന്നെ മുന്‍കൈയെടുത്ത് യാത്രക്കാരെ മറ്റ് സ്വകാര്യ വാഹനങ്ങളില്‍ കയറ്റിവിട്ടു.
ഐ.എഫ്.എഫ്.കെയെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചില്ല. ഭക്ഷണം കിട്ടാതെ വലഞ്ഞ ഡെലിഗേറ്റുകള്‍ക്ക് ഡി.വൈ.എഫ്.ഐ യുടെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം വിതരണം ചെയ്തു.
ഹര്‍ത്താലിനെ തുടര്‍ന്ന് ഇന്നലെ ജില്ലയില്‍ നടത്താനിരുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. പത്രം, പാല്‍, വിവാഹം തുടങ്ങിയവയെയും ഒഴിവാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."