ജലസംരക്ഷണത്തിനായി കുടുംബശ്രീയും
കണ്ണൂര്‍: മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന മുദ്രാവാക്യവുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ കാംപയിന്‍ വിജയിപ്പിക്കാന്‍ ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകരും രംഗത്തിറങ്ങും. പഞ്ചായത്ത് തലത്തില്‍ ഓരോ കുടുംബശ്രീ യൂനിറ്റിന്റെയും നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനമുള്‍പ്പെടെ വിപുലമായ പദ്ധതികളാണ് നടപ്പാക്കുക.
വരുംദിനങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിന് ഓരോ വീട്ടിനും അനുയോജ്യമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി ഗൃഹനാഥനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ക്കായി സംഘടിപ്പിച്ച പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ടുദിവസത്തിനകം ജലസംരക്ഷണം മുഖ്യ അജണ്ടയായി സി.ഡി.എസ് യോഗം ചേര്‍ന്ന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. വരുന്ന ശനി, ഞായര്‍ ദിവസങ്ങളിലായി ചേരുന്ന കുടുംബശ്രീ യോഗത്തില്‍ പ്രധാന അജണ്ടയായി ജലസംരക്ഷണ കാംപയിന്‍ ചര്‍ച്ച ചെയ്യും.
യൂനിറ്റ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായി തിരിച്ചാണ് ഗൃഹസന്ദര്‍ശനം നടത്തുക. അടുത്ത മൂന്നു മാസം നടക്കുന്ന ഓരോ കുടുംബശ്രീ യൂനിറ്റും തങ്ങളുടെ യൂനിറ്റു പരിധിയില്‍ നടപ്പാക്കിയ ജലസംരക്ഷണ പ്രവൃത്തികളുടെ റിപ്പോര്‍ട്ട് സി.ഡി.എസിന് കൈമാറണം. യോഗത്തില്‍ കെ.പി ജയബാലന്‍, ടി.ടി റംല, കെ.വി ഗോവിന്ദന്‍, ഡോ. സുര്‍ജിത്ത്, വി.വി പ്രകാശന്‍, കെ.പി അബ്ദുസ്സമദ്, അഷ്‌റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."