പൗണ്ടുകടവില്‍ പകര്‍ച്ചവ്യാധി ഭീഷണി; ലേബര്‍ ക്യാംപില്‍ ആരോഗ്യ ഉദ്യോഗസ്ഥരുടെ പരിശോധന
കഴക്കൂട്ടം: ആയിരത്തോളം ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്ന പൗണ്ടുകടവിലെ ലേബര്‍ ക്യാംപില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഇന്നലെ രാവിലെ നടന്ന പരിശോധനയില്‍ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തകര ഷീറ്റ് കൊണ്ട് നിര്‍മിച്ച, യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത കൂടാരങ്ങളിലാണ് ഇത്രയേറെ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നത്.
കഴക്കൂട്ടം-കാരോട് ബൈപാസ് നിര്‍മാണ കമ്പനിയായ കെ.എന്‍.ആര്‍-സി.എല്‍ കമ്പനിയിലെ തൊഴിലാളികളാണ് ഈ ക്യാംപില്‍ കഴിയുന്നത്.
മാസം ലക്ഷങ്ങള്‍ വാടകയായും മറ്റും നല്‍കാറുണ്ടെന്നും ശുചീകരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട ഉടമ ഇങ്ങോട്ട് തിരിഞ്ഞുനോക്കാറേയില്ലെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. പൗണ്ടുകടവിന് സമീപം തെറ്റിയാര്‍ തോടിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ ടെക്‌നോപാര്‍ക്കിലെ നിര്‍മാണ കമ്പനികളിലെ ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്.
അന്നും നിരവധി പരാതികള്‍ ഉണ്ടായതിനെ തുടര്‍ന്ന് കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാംപിലെത്തി പരിശോധന നടത്തുകയും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ക്യാംപ് അടച്ചുപൂട്ടിയിരുന്നു. അതേ അസൗകര്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെയാണ് നഗരസഭയിലെ ചില ജീവനക്കാരുടെ മൗനാനുവാദത്തോടെ വീണ്ടും പ്രവര്‍ത്തിക്കുന്നത്. ക്യാംപിലെ പൊട്ടിപ്പൊളിഞ്ഞ രണ്ട് സെപ്റ്റിടാങ്കില്‍ നിന്ന് മാലിന്യം തൊട്ടടുത്ത തെറ്റിയാര്‍ തോട്ടിലേക്ക് പരസ്യമായാണ് ഒഴുക്കിവിടുന്നത്. കൂടാതെ ആയിരത്തോളം തൊഴിലാളികള്‍ കുളിക്കുന്നതും തുണിനയ്ക്കുന്നതുമായ വെള്ളവും തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.
കൂടാതെ ക്യാംപിന് പിറകു വശത്തെ തെറ്റിയാര്‍ തോടിന് കരയില്‍ ആഹാരവാശിഷ്ടങ്ങള്‍ കുന്നുകൂടി പ്രദേശമാകെ ദുര്‍ഗന്ധം നിറഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ല.
സമീപത്തെ വീടുകളിലെ കുടിവെള്ള കിണറുകളില്‍ മലിന ജലം നിറഞ്ഞതിനെത്തുടര്‍ന്ന് വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
നാട്ടുകാര്‍ ബന്ധപ്പെട്ടവര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധവുമായി ക്യാംപിലെത്തിയത്. വൃത്തിഹീനമായ സ്ഥലങ്ങളിലാണ് ക്യാംപില്‍ കുടിവെള്ളം ശേഖരിക്കുന്നത്. ഇത് തൊഴിലാളികള്‍ക്ക് വലിയ ആരോഗ്യ പ്രശനങ്ങളാണ് ഉണ്ടാക്കുന്നത്. രോഗങ്ങള്‍ പിടിപെടുന്ന തൊഴിലാളികളെ ഉടന്‍ തന്നെ അധികൃതര്‍ നാട്ടിലേക്ക് പറഞ്ഞയക്കും.
കഴിഞ്ഞ ആഴ്ച എച്ച് 1 എന്‍ 1 ബാധിച്ചെന്ന സംശയത്താല്‍ ഒരു തൊഴിലാളിയെ നാട്ടിലേക്ക് പറഞ്ഞയച്ചതായി ക്യാംപിലെ തൊഴിലാളികള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിച്ചില്ലെങ്കില്‍ ക്യാംപ് പ്രവത്തിക്കാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയാണ് പ്രശനങ്ങള്‍ക്ക് കാരണമെന്നും ക്യാംപില്‍ കെട്ടികിടക്കുന്ന മാലിന്യം ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്യാന്‍ തുടങ്ങിയതായും ക്യാംപിന്റെ ഉടമ ഷെരീഫ് പറഞ്ഞു.
ഇതിന്റെ ഭാഗമായി മാലിന്യം കെട്ടികിടക്കുന്ന സ്ഥലത്ത് ടിപ്പര്‍ ലോറികളില്‍ മണ്ണെത്തിച്ച് നികത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ഉടമ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."