ജൈവപച്ചക്കറിയില്‍ വിജയഗാഥയുമായി യുവകര്ഷകന്
കരുനാഗപ്പള്ളി: ഓണാട്ടുകരയില്‍ പച്ചപ്പിന്റെ പരവതാനി വിരിച്ച് ജൈവ പച്ചക്കറിക്കൃഷിയില്‍ വിജഗാഥ രചിക്കുകയാണ് തഴവ എസ്.ആര്.പി മാര്‍ക്കറ്റ്, ആരിഫ് മന്‍സിലില്‍ മുഹമ്മദ് റെജി. തരിശുകിടന്ന ഒന്നര ഏക്കര്‍ സ്ഥലം ഉഴുതുമറിച്ച് കൃഷിക്ക് അനുയോജ്യമാക്കുകയായിരുന്നു റെജി.
നാല് വര്‍ഷം വാഴക്കൃഷി ചെയ്ത് വന്‍നഷ്ടം സംഭവിച്ചിട്ടും കൃഷിയില്‍നിന്നു പിന്മാറാതെ പച്ചക്കറി കൃഷിയിലേക്ക് ശ്രദ്ധ തിരിക്കുകയായിരുന്നു. ഇന്ന് ഏറ്റവും മാരകമായ വിഷാംശങ്ങള്‍ കലര്‍ന്ന പച്ചക്കറികള്‍ വ്യാപാര മേഖല കീഴടക്കുമ്പോള്‍ വിവിധയിനം പച്ചക്കറികള്‍ കൃഷിചെയ്തു നാടിന് പ്രിയപ്പെട്ടവനായി മാറിക്കഴിഞ്ഞു ഈ കൃഷിക്കാരന്.
തഴവയിലെ തരിശ്ശായി കിടന്ന വസ്തുവും പാട്ടത്തിനെടുത്ത് വിവിധതരം വാഴകള്‍, വെറ്റില, പാവല്‍, പയര്‍, പടവലം, ചീര, മുളക്, വെണ്ട തുടങ്ങിയ ഒട്ടേറെ പച്ചക്കറിയിനങ്ങള്‍ കൃഷിചെയ്ത് തഴവ പഞ്ചായത്തിലെ മികച്ച യുവ കര്‍ഷകനുള്ള അവാര്‍ഡ് പല തവണ നേടിയിട്ടുണ്ട് .
പലപ്പോഴും ഇത്തരം കൃഷിയില്‍ പരാജയം ഉണ്ടായിട്ടുണ്ടെങ്കിലും കൃഷിയില്‍നിന്നു പിന്മാറാന് ഇദ്ദേഹം തയാറായിട്ടില്ല. വിളവെടുക്കുന്ന പച്ചക്കറികള്‍ പാവുമ്പ കാളിയന് ചന്ത, ശൂരനാട് തുടങ്ങിയ സ്ഥലത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് നല്‍കും. കൂടാതെ സമീപ പ്രദേശങ്ങളില്‍നിന്നു മറ്റും പ്രാദേശിക കച്ചവടക്കാര്‍ എത്തി റെജിയില്നിന്നു പച്ചക്കറി വിപണനത്തിനായി കൊണ്ട് പോകും.
പയറിനങ്ങളില്‍ സുമാത്ര, പാവക്കയിലെ മായ തുടങ്ങിയ മുന്തിയ ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഓച്ചിറ ബ്ലോക്ക് ഓഫിസിലെ അഡീഷണല്‍ കൃഷി ഓഫിസര്‍ ജേക്കബ്, തഴവ കൃഷി ഓഫിസര്‍ റോസി വിന്റ എന്നിവരുടെ സഹകരണത്തോടേയാണ് കൃഷിയില്‍ വെന്നിക്കൊടി പാറിക്കുന്നത്.
കൃഷിയോടൊപ്പം കരുനാഗപ്പള്ളി ലാലാജി ജങ്ഷനില്‍ നട്ട്സ് പാലസ് എന്ന പേരില്‍ ഡ്രൈ ഫ്രൂട്ട്സിന്റെ സ്ഥാപനം കൂടി ഇദ്ദേഹം നടത്തുന്നുണ്ട്. ഫോണ്‍: 9447161691.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."