സഊദിയിൽ വിദേശികൾക്കുള്ള ലെവിയടക്കം വിവിധ മേഖലകളിലെ ഫീസുകൾ പുനഃപരിശോധിക്കുമെന്ന് വാണിജ്യ നിക്ഷേപക മന്ത്രി; പ്രതീക്ഷയോടെ പ്രവാസി സമൂഹം
ജിദ്ദ: സഊദിയിൽ വിദേശ തൊഴിലാളികൾക്കും അവരുടെ ആശ്രിതർക്കുമുള്ള ലെവിയടക്കം വിവിധ മേഖലകളിൽ ഏർപ്പെടുത്തിയ സർക്കാർ ഫീസുകൾ പുനഃപരിശോധിക്കുമെന്ന് വാണിജ്യ നിക്ഷേപക മന്ത്രി ഡോ. മാജിദ് അൽഖസബി. മന്ത്രാലയത്തിന് കീഴിലെ പ്രത്യേക സമിതി ഇത് സംബന്ധിച്ച സമഗ്ര പഠനം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അദ്ദേഹം സമയം വാണിജ്യ മന്ത്രിയുടെ പ്രസ്താവന വളരെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കി കാണുന്നത്.
റിയാദ് ചേംബർ ഓഫ് കൊമേഴ്‌സിൽ മെർച്ചന്റ്സ് കൗൺസിൽ ഉദ്ഘാടന വേളയിൽ വ്യാപാരികളുമായി നടന്ന കുടിക്കാഴ്‌ചയിലാണ് ലെവി അടക്കമുള്ള ഫീസുകളിൽ പ്രതീക്ഷ നൽകുന്ന പ്രസ്താവന മന്ത്രി പുറത്തിറക്കിയത്.എല്ലാ തരത്തിലുമുള്ള ഫീസുകൾ പുനഃ പരിശോധന നടത്തുന്നതിനുള്ള ഒരു പഠനം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ വിദേശികൾക്കുള്ള ലെവിയും ഉൾപ്പെടുമെന്നുമാണ് മന്ത്രി അറിയിച്ചത്.വിദേശികൾക്കുള്ള ലെവി സഊദിയിലെ ഓരോ നിക്ഷേപകനെയും ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞ മന്ത്രി ഫീസുകൾ പുനഃ പരിശോധിക്കുന്നതിന് ആവശ്യപ്പെടുന്ന റിപ്പോർട്ട് ഉന്നതാധികാര സഭക്ക് സമർപ്പിച്ചിരിക്കുകയാണെന്നന്നും അറിയിച്ചു.അടുത്ത മാസം മുതൽ ലെവി തുക ഇനിയും കൂടാനിരിക്കെയാണു മന്ത്രിയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. നിലവിലുള്ള നിയമ പ്രകാരം 2020 ജനുവരി മുതൽ, സഊദികളുടെ എണ്ണം 50 ശതമാനത്തിൽ കുറവുള്ള സ്ഥാപനങ്ങളിലെ വിദേശികൾക്ക് പ്രതിമാസം 800 റിയാലും 50 ശതമാനത്തിൽ കുടുതലാണെങ്കിൽ 700 റിയാലുമാണ് ലെവി ഇനത്തിൽ നൽകേണ്ടി വരിക.ഉന്നതാധികാര സഭക്ക് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് അംഗീകരിക്കപ്പെടുകയും ലെവിയിൽ ഇളവ് വരികയും ചെയ്‌താൽ അത് സഊദി വാണിജ്യ വ്യവസായ മേഖലയിൽ പുതിയ ഒരു ഉണർവ്വിനു കാരണമായേക്കും.ഏതാനും ആഴ്ചകൾക്ക് മുമ്പ് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലെവി ഇളവ് പ്രഖ്യാപിച്ചതിന് പിറകെ പുതിയ 124 ഫാക്ടറികൾക്ക് മന്ത്രാലയം ലൈസൻസ് നൽകിയ വാർത്ത ഏറെ പ്രതീക്ഷ നൽകുന്നതാണ്.വ്യവസായ മേഖലയിലെ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അടുത്ത അഞ്ച് വർഷത്തേക്കുള്ള ലെവി ഒഴിവാക്കിയതാണ് പുതിയ ലൈസൻസുകൾ നൽകുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായത്. .കഴിഞ്ഞയാഴ്ച അടുത്ത വർഷത്തേക്കുള്ള ബജറ്റ് പ്രഖ്യാപിച്ച ശേഷം ലെവിയിൽ യാതൊരു മാറ്റവും നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സഊദി ധനകാര്യ മന്ത്രി പ്രസ്താവിച്ചത് പ്രവാസികളുടെ പ്രതീക്ഷ ഇല്ലാതാക്കിയിരുന്നെങ്കിലും വാണിജ്യ നിക്ഷേപ മന്ത്രിയുടെ പുതിയ പ്രസ്താവന വീണ്ടും പ്രതീക്ഷ നൽകിയിരിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."