വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യം
ചെറുവത്തൂര്‍: വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തില്‍ പുഴുക്കളും മാലിന്യങ്ങളും. കഴിഞ്ഞ ദിവസം അച്ചാംതുരുത്തി കിഴക്കു പ്രദേശത്തു വിതരണം ചെയ്ത വെള്ളത്തിലാണു മാലിന്യങ്ങളും പുഴുക്കളുമുണ്ടായത്. കൈതക്കാട് കുളങ്ങാട്ട് മലയിലുള്ള ടാങ്കില്‍ നിന്നാണു കുടിവെള്ളം വിതരണം ചെയ്യുന്നത്. കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിച്ചു വരുന്ന വെള്ളത്തില്‍ മാലിന്യം കണ്ടതോടെ ജനങ്ങള്‍ ഈ വെള്ളം ഉപയോഗിക്കുന്നില്ല. ഇതോടെ മഴക്കാലത്തും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് അച്ചാം തുരുത്തി കിഴക്കുഭാഗത്തുള്ള മുപ്പതോളം കുടുംബങ്ങള്‍.
വെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈന്‍ പൊട്ടി അതുവഴി മാലിന്യം കടന്നു കൂടിയതായിരിക്കാമെന്നാണു വാട്ടര്‍ അതോറിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം. നാലുദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ വെള്ളം ലഭിക്കുന്നത്. മാസത്തില്‍ ഉപയോഗിക്കുന്ന വെള്ളത്തിന് അനുസൃതമായി കൃത്യമായി തുക വാട്ടര്‍ അതോറിറ്റിയില്‍ പ്രദേശത്തുകാര്‍ നല്‍കാറുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങളുണ്ട്. ചില കുടുംബങ്ങള്‍ക്കു നാലു ദിവസവും വെള്ളം നല്‍കുമ്പോള്‍ മറ്റുള്ളവര്‍ക്കവര്‍ക്ക് നാലു ദിവസം കൂടുമ്പോള്‍ മാത്രം വെള്ളം നല്‍കുന്ന പ്രവണതയാണുള്ളതെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് നിരവധി തവണ പരാതി അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. പരിശോധന കൃത്യമായി നടക്കാത്തതാണ് വൃത്തിഹീനമായ കുടിവെള്ളം ലഭിക്കാന്‍ കാരണമെന്നാണു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."