പാട്ടക്കരാര്‍ റദ്ദാക്കിയ ഭൂമി കൈവശം വച്ച് വൈ.എം.സി.എ; നടപടിയെടുക്കാതെ അധികൃതര്‍
കൊല്ലം: പാട്ടക്കരാര്‍ റദ്ദാക്കിയിട്ടും സര്‍ക്കാര്‍ ഭൂമി അനധികൃതമായി കൈവശം വച്ച് യുവജന പ്രസ്ഥാനമായ വൈ.എം.സി.എ.
വ്യക്തമായ ചട്ടലംഘനം നടന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.നഗരഹൃദയത്തില്‍ എസ്.എം.പി കോളനിക്ക് സമീപം കോടികള്‍ വിലമതിക്കുന്ന ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദായിട്ടും കൊല്ലം വൈ.എം.സി.എ കൈവശപ്പെടുത്തി സ്വന്തമാക്കി വച്ചിരിക്കുന്നത്.
കലക്ടര്‍ നോട്ടീസ് നല്‍കിയതൊഴിച്ചാല്‍ ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നും കൂടുതല്‍ നടപടികള്‍ ഒന്നും
തന്നെ ഇതുവരെയും ഉണ്ടായിട്ടില്ല. 60 വര്‍ഷത്തിലേറെയായി നിലനിന്നു പോരുന്ന കരാര്‍ 2010ലാണ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കുന്നത്. കുത്തകപ്പാട്ടക്കരാര്‍ പ്രകാരം പാട്ടത്തിനെടുത്ത സ്ഥലത്ത് അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തുകയും രണ്ടാമതൊരാള്‍ക്ക്
കൈമാറ്റം ചെയ്യുകയും ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
ചിന്നക്കടയ്ക്ക് സമീപം നഗരഹൃദയത്തില്‍ 85 സെന്റ് ഭൂമിയാണ് എല്ലാ നിയമങ്ങളും ലംഘിച്ച് വൈ.എം.സി.എ കൈവശപ്പെടുത്തി വച്ചിരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും വെളിപ്പെടുത്തുന്നു.അതേസമയം 2010ല്‍ കരാര്‍ റദ്ദിക്കിയ ഉത്തരവിറങ്ങിയപ്പോള്‍ അന്നത്തെ ജില്ലാ കലക്ടര്‍ പേരിനൊരു നോട്ടീസ് വൈ.എം.സി.എയ്ക്ക് നല്‍കിയതല്ലാതെ നാളിതുവരെ പിന്നെ യാതൊരു നടപടിയും തുടര്‍ന്നിങ്ങോട്ട് ഉണ്ടായില്ല. തുടര്‍ന്ന് ഭരണം മാറി 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ അധികാരമേറ്റതോടെ പിന്നീട് കേസ് നിശ്ചലമാവുകയും ചെയ്തു.
വൈ.എം.സി.എയുടെ പാട്ടഭൂമിക്കുള്ളില്‍ അനധികൃത നിര്‍മ്മാണങ്ങളും നിലവിലുണ്ട്. വൈ.എം.സി.എയില്‍ ചാപ്പലും, റെസ്റ്റോറന്റും, ലോഡ്ജുകളുമുള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമേ കടമുറികള്‍ നിര്‍മിച്ച് അവ വലിയ തുകയ്ക്ക് വാടകയ്ക്കും കൊടുത്തിട്ടുണ്ട്. ഇതിനിടെ വാടകക്കാരെ ഒഴിപ്പിച്ച് നടപടിയില്‍ നിന്നും തലയൂരാനുള്ള ശ്രമവും വൈ.എം.സി.എ നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."