ബിവറേജ് ഔട്ട് ലെറ്റ് തുടങ്ങുന്നതിനെതിരേ വിദ്യാര്‍ഥികള്‍ സ്പീക്കര്‍ക്കു നിവേദനം നല്‍കി
കാസര്‍കോട്: സ്‌കൂള്‍ ഉള്‍പ്പെടെ ഒട്ടനവധി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രദേശത്ത് ബിവറേജ് ഔട്ട് ലെറ്റ് തുടങ്ങുന്നതിനെതിരേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു നിവേദനം നല്‍കി. കോടതി ഉത്തരവിനെ തുടര്‍ന്നു കാഞ്ഞങ്ങാട് പുതിയകോട്ടയിലെ സംസ്ഥാന പാതയോരത്തു നിന്നു മാറ്റിയ ബിവറേജ് ഔട്ട് ലെറ്റാണ് ഹൊസ്ദുര്‍ഗ് ഗവ. സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്തിനു സമീപത്തുള്ള വെയര്‍ ഹൗസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള നീക്കം നടക്കുന്നത്. ഇതിനെതിരേയാണു കഴിഞ്ഞ ദിവസം ഹൊസ്ദുര്‍ഗ് സ്‌കൂളില്‍ മറ്റൊരു ചടങ്ങിനു വേണ്ടിയെത്തിയ സ്പീക്കര്‍ക്കു സ്‌കൂള്‍ വിദ്യാര്‍ഥികളും പ്രദേശത്തെ മറ്റൊരു സ്‌കൂളായ ലിറ്റില്‍ ഫഌവര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളും നിവേദനം നല്‍കിയത്.
അടുത്ത മാസം ആദ്യവാരത്തില്‍ ഔട്ട് ലെറ്റ് തുറക്കാനുള്ള നീക്കമാണു ബിവറേജ് അധികൃതര്‍ നടത്തി വരുന്നത്. വെയര്‍ ഹൗസ് കെട്ടിടത്തില്‍ ഇതു പ്രവര്‍ത്തിക്കുമ്പോള്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്കു പുറമേ ഹൊസ്ദുര്‍ഗ് കോടതി, പൊതുമരാമത്ത് ഓഫിസുകള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് , വൈദ്യുതി സെക്ഷന്‍ ഓഫിസ് തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പുറമേ കേന്ദ്രീയ വിദ്യാലയത്തിലേക്കും വരുകയും പോവുകയും ചെയ്യുന്ന പൊതു ജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരിതം സൃഷ്ടിക്കും. കോടതിയുള്‍പ്പെടെയുള്ള ഒട്ടനവധി സ്ഥാപനങ്ങളിലേക്കുള്ള ഇടുങ്ങിയ പാതയില്‍ വാഹനങ്ങളും ആളുകളും നിത്യേന സഞ്ചരിക്കുമ്പോള്‍ ഈഭാഗത്തു ദുരിതയാത്രയാണു നേരിടേണ്ടി വരുന്നത്. ഇതിനിടയില്‍ ബിവറേജ് ഔട്ട് ലെറ്റ് വരുന്നതോടെ മദ്യപാനികളുടെ പരാക്രമവും തങ്ങള്‍ നേരിടേണ്ടി വരുമെന്നാണു പൊതുജനവും വിദ്യാര്‍ഥികളും ആശങ്കപ്പെടുന്നത്.
ബിവറേജ് ഔട്ട് ലെറ്റ് ഇവിടെ തുടങ്ങാനുള്ള നീക്കത്തിനെതിരേ പ്രദേശവാസികള്‍ ആഴ്ചകള്‍ക്കു മുമ്പു തന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എന്നാല്‍ നടപടിയുണ്ടാകാതെ വന്നതോടെയാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സ്പീക്കര്‍ക്കു നിവേദനം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."