കുട്ടയിലും കാട്ടാനശല്യം രൂക്ഷം; പൊറുതിമുട്ടി നാട്ടുകാര്‍
കുട്ട: അതിര്‍ത്തി ഗ്രാമമായ കുട്ടയിലും കാട്ടാന ശല്യം ഏറുന്നു. കര്‍ണാടകയിലെ കുടക് ജില്ലയില്‍ ഉള്‍പ്പെടുന്ന കുട്ടയും പരിസര പ്രദേശങ്ങളും വയനാടുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്.
മലയാളികളടക്കം നിരവധി കര്‍ഷകരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനക്കൂട്ടം നാശംവിതക്കുന്നത്. കൊയ്ത്തിന് പാകമായ ഏക്കര്‍ കണക്കിന് പാടങ്ങള്‍ കാട്ടാനക്കൂട്ടം ചവിട്ടി മെതിച്ചു. 15 ആനകള്‍ വരെയുള്ള കൂട്ടമാണ് കൃഷിയിടത്തില്‍ എത്തുന്നത്. നാഗര്‍ഹോള ദേശീയ ഉദ്യാനത്തില്‍ നിന്നും ബ്രഹ്മഗിരി മലനിരകള്‍ ഉള്‍പ്പെടുന്ന ശ്രീമംഗലം വനത്തില്‍ നിന്നാണ് കാട്ടാനകള്‍ നാട്ടിലേക്ക് എത്തുന്നത്. നെല്ലിന് പുറമെ വാഴ, കാപ്പി, കുരുമുളക്, സപ്പോട്ട, തെങ്ങ്, കമുക് എന്നിവയും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നുണ്ട്. മുന്‍പ് വന്യമൃഗശല്യം കുറവായിരുന്ന പ്രദേശങ്ങളിലും ഇപ്പോള്‍ ശല്യം ഏറി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു. കാട്ടാനകള്‍ നാട്ടിലിറങ്ങിയാലും അവയെ തുരത്താന്‍ വനപാലകര്‍ എത്താറില്ല.
കൃഷി നശിപ്പിച്ചാല്‍ നഷ്ടപരിഹാരം ലഭിക്കാനും കാലതാമസം നേരിടും. വൈദ്യുതി കമ്പിവേലി സ്ഥാപിച്ചിട്ടുള്ള സ്വകാര്യ തോട്ടങ്ങളിലും കാട്ടാനക്കൂട്ടം നാശം വിതക്കുന്നുണ്ട്. ഉണങ്ങിയ മരം പിഴുതെടുത്ത് അതുകൊണ്ട് വൈദ്യുതി കമ്പിവേലി തകര്‍ത്താണ് കാട്ടാനകള്‍ തോട്ടത്തിലേക്ക് കൂട്ടമായി പ്രവേശിക്കുന്നത്.
വിളവെടുപ്പ് കാലത്ത് കൃഷി നാശം വരുത്തുന്നതിനാല്‍ ഭാരിച്ച നഷ്ടമാണ് ഉണ്ടാകുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."