തെരുവിലെ മുദ്രാവാക്യം വിളികള്‍ പറയുന്നത്
സംഘ്പരിവാര്‍ രാജ്യത്തെ പിന്നോട്ടു നടത്തുമ്പോള്‍ ഒരു ആധുനിക പുരോഗമന മതേതര രാഷ്ട്രത്തിനായുള്ള സമരം രാജ്യത്തെ കാംപസുകളില്‍നിന്ന് വീണ്ടും ഉയര്‍ന്നുവരുന്നതും അതിന്റെ അലകള്‍ രാജ്യമൊട്ടാകെ വ്യാപിക്കുന്നതും ഈ രാജ്യത്തെക്കുറിച്ച് പുതിയ പ്രതീക്ഷകള്‍ക്ക് വക നല്‍കുന്നതാണ്. പൗരത്വനിയമത്തിനെതിരായ സമരം ഇന്നേക്കുള്ള സമരമല്ലെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ട്. നാളെയെക്കുറിച്ചുള്ള ആശങ്കകളാണ് ഓരോരുത്തരെയും തെരുവിലേക്ക് നയിക്കുന്നത്.
ഓരോ മുദ്രാവാക്യവും അടുത്ത തലമുറയ്ക്കു വേണ്ടിയുള്ളതാണ്. ഇന്നലകളെക്കുറിച്ച് മാത്രം സംസാരിക്കുകയും കുടിലതയും കാലുഷ്യവും മാത്രം കൈമുതലായിരിക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ സര്‍ക്കാര്‍ ഹിന്ദുരാഷ്ട്ര പ്രഖ്യാപനത്തിലേക്കുള്ള ആദ്യപടിയായാണ് പൗരത്വ നിയമ ഭേദഗതി കൊണ്ടുവന്നത്. അക്രമാസക്തമായ ഒരു സര്‍ക്കാരിന്റെ ബൂട്ടിനടിയില്‍ നിന്ന് ജനാധിപത്യത്തെ വീണ്ടെടുക്കുകയെന്നത് എളുപ്പമുള്ള പണിയല്ല. ഹിംസാത്മകമായ ഹിന്ദുത്വ രാഷ്ട്രീയത്തോട് മുഖാമുഖം നിന്നു മാത്രമേ അതു സാധ്യമാവൂ. ഈ ബോധ്യത്തില്‍ നിന്നാണ് ജാമിഅയിലെ വിദ്യാര്‍ഥികള്‍ മാത്രമല്ല, രാജ്യം മൊത്തവും തെരുവിലിറങ്ങുന്നത്.
യു.എ.പി.എ ഭേദഗതി നിയമം ആദ്യത്തേതല്ലെന്നും പൗരത്വ നിയമം അവസാനത്തേതാകാന്‍ പോകുന്നില്ലെന്നും എല്ലാവര്‍ക്കുമറിയാം. ഒരു സംസ്ഥാനത്തെ കത്തിച്ച് ആയിരക്കണക്കിന് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യാന്‍ ഭരണസംവിധാനത്തെ ഒരുക്കി നിര്‍ത്തിക്കൊടുത്ത അതേ രണ്ടുപേരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്തെ തീയും പുകയുമെല്ലാം ഹിന്ദുത്വത്തിന്റെ ഹിസ്റ്റീരിയയെ പൊലിപ്പിക്കുകയേയുള്ളൂ. എന്നാല്‍ വിട്ടുവീഴ്ച ചെയ്യാത്ത ചെറുത്തുനില്‍പ്പാണ് ഫാസിസത്തെ തറപറ്റിക്കുക. ഭീകരാക്രമണക്കേസിലെ പ്രതി പാര്‍ലമെന്റിലെത്തുന്നു. രാജ്യത്ത് നിരന്തരം സ്‌ഫോടനം നടത്തുകയും ആളുകളെ കൊലപ്പെടുത്തുകയും ചെയ്യുന്ന കേസുകള്‍ ഇല്ലാതാവുന്നു. ഗാന്ധിഘാതകന്‍ ഗോഡ്‌സെയെ പാര്‍ലമെന്റില്‍ വാഴ്ത്തുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അരികില്‍ വരാത്തവര്‍ വാഴ്ത്തപ്പെടുന്നു. നെഹ്‌റുവിയന്‍ സംഭാവനകളെ ഇകഴ്ത്തുന്നു. എന്‍.ഐ.എ ഭേദഗതി നിയമം വരുന്നു. മനുഷ്യാവകാശ നിയമഭേദഗതി നിയമം വരുന്നു. വിവരാവകാശ നിയമഭേദഗതി നിയമം വരുന്നു. കശ്മിരിനെ രണ്ടായി പകുക്കുകയും നാലുമാസത്തോളമായി തടവിലിട്ടിരിക്കുകയും ചെയ്യുന്നു. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കാവുന്ന ബില്ലുകള്‍ വരുന്നു. ക്ഷുദ്ര ദേശീയതയുടെ ഭരണകൂടം മതേതര ഇന്ത്യയെ എത്ര പെട്ടെന്നാണ് മായ്‌ച്ചെടുക്കുന്നത്.
ഒന്നും സൃഷ്ടിച്ചെടുത്തതല്ല, എല്ലാം നഷ്ടപ്പെടുത്തിയാണ് ഫാസിസം തുടങ്ങുക. കശ്മിരിലേക്ക് നോക്കൂ. അവിടെയിനി തകരാന്‍ ജനങ്ങളുടെ ആത്മവീര്യം മാത്രമേ ബാക്കിയുള്ളൂ. കശ്മിര്‍ സന്ദര്‍ശനത്തിനിടെ ലാല്‍ചൗക്കിലെ ചേംബേഴ്‌സ് ബില്‍ഡിങ്ങിലിരുന്നത് കശ്മിര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി പ്രസിഡന്റ് ശൈഖ് ആഷിഖ് കശ്മിരിലെ പരമ്പരാഗത വ്യവസായങ്ങളെ എങ്ങനെയാണ് സര്‍ക്കാര്‍ തകര്‍ത്തതെന്ന വലിയൊരു കഥ പറഞ്ഞു. 'ഇപ്പോള്‍ നടക്കുന്നത് അതിജീവനമാണ്. ആരെല്ലാം ബാക്കിയാവുമെന്നറിയില്ല. ആദ്യദിനങ്ങളില്‍ തന്നെ 10,000 കോടിയുടെ ബിസിനസ് നഷ്ടം കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇതൊന്നുമല്ല കണക്ക്. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ഇപ്പോഴും തുടരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് വ്യവസായം സാധ്യമാകുക. കേരളത്തിലോ ഡല്‍ഹിയിലോ നെറ്റും ഫോണുമില്ലാതെ ഒരു ദിവസം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാനാവുന്നുണ്ടോ? വാഹനങ്ങളില്ലാതെ നില്‍ക്കുന്ന സാഹചര്യം നടക്കുമോ? കശ്മിരിലെ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന കമ്പനികള്‍ തകര്‍ന്നു. അവര്‍ വിദേശരാജ്യങ്ങളിലെ കമ്പനികളുടെ ജോലികള്‍ ഏറ്റെടുത്താണ് നടത്തുന്നത്. നെറ്റില്ലാത്തതിനാല്‍ വിദേശത്തു നിന്നുള്ള ഓര്‍ഡറുകളും കുറവാണ്. ഹോട്ടലുകളില്‍ ബുക്കിങ് ഇല്ല. മൊബൈലില്ലാതെ എങ്ങനെ ഓര്‍ഡറുകള്‍ ലഭിക്കും. 50 ശതമാനം കയറ്റുമതിയാണ് ഇല്ലാതാകാന്‍ പോകുന്നത്. അതോടെ 60 ശതമാനം തൊഴിലാളികളെങ്കിലും തൊഴിലില്ലാത്തവരായി മാറും. ടൂറിസം, ട്രാന്‍സ്‌പോര്‍ട്ട് മേഖയില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. എല്ലാ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഏത് മേഖലയിലാണ് കൂടുതല്‍ തകര്‍ച്ചയുണ്ടായതെന്ന് പറയാന്‍ കഴിയില്ല'- ശൈഖ് ആഷിഖ് പറഞ്ഞു.
ഏതൊരു ജനകീയ പ്രക്ഷോഭത്തെയും നേരിടാനുള്ള ആയുധങ്ങള്‍ സര്‍ക്കാര്‍ നേരത്തെ സ്വരൂപിച്ചു വച്ചിട്ടുണ്ട്. വേഷം മാറിയ പോട്ടയായി യു.എ.പി.എ ഭേദഗതി നിയമം പാര്‍ലമെന്റ് ലോക്‌സഭ പാസാക്കിയിട്ടുണ്ട്. ഒരു ഭീകര സംഘടനയിലും അംഗമല്ലെങ്കിലും പൊലിസുകാര്‍ക്ക് സംശയം തോന്നുന്ന വ്യക്തികളെ ഭീകരനായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയാണ് യു.എ.പി.എ നിയമത്തിലുള്ളത്. ഭീകരനല്ലെന്ന് തെളിയിക്കേണ്ടത് ആരോപണവിധേയനാണ്. ഇതെല്ലാം നടപ്പാക്കാനാവശ്യമായ കൂടുതല്‍ അധികാരങ്ങള്‍ അതോടൊപ്പം പാസാക്കിയ എന്‍.ഐ.എ നിയമത്തിലുണ്ട്. ഇതുപ്രകാരം എന്‍.ഐ.എക്ക് ഇഷ്ടം പോലെ കോടതികള്‍ സ്ഥാപിക്കാം. വിദേശത്ത് നടക്കുന്ന ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന സംശയത്തിന്റെ പേരില്‍ ഇന്ത്യയില്‍ ആര്‍ക്കെതിരെ വേണമെങ്കിലും കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യാം.
കഴിഞ്ഞ ഭേദഗതിയോടെ വിവരാവകാശ കമ്മിഷനുള്ള സ്വയംഭരണാധികാരം ഇല്ലാതായി. വിവരാവകാശ കമ്മിഷണര്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കേണ്ടുന്ന മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരുടെ കാലാവധി അഞ്ചുവര്‍ഷത്തില്‍ നിന്ന് മൂന്നു വര്‍ഷമായി കുറച്ചു.
സുപ്രിംകോടതിയില്‍നിന്നു വിരമിച്ച ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണാകേണ്ടതെന്ന നിയമം മാറ്റി എല്ലാ സുപ്രിംകോടതി ജഡ്ജിമാരെയും ഇതിനായി പരിഗണിക്കാമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനാകേണ്ടത് വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കണമെന്ന വ്യവസ്ഥ മാറ്റി വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി. സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍മാരായി സ്വന്തക്കാരെ നിയമിക്കാന്‍ കൂടുതല്‍ സൗകര്യം ചെയ്യുന്ന വ്യവസ്ഥകളാണിത്. ഭരണാധികാരികളുടെ ഗണിതങ്ങള്‍ക്കപ്പുറത്തേക്ക് കടന്ന ചെറുത്തു നില്‍പ്പുകളാണ് ഓരോ ആധുനിക നാഗരികതകളെയും രൂപപ്പെടുത്തിയതെന്നാണ് ചരിത്രം. ഇന്ത്യയ്ക്കും അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."