'അങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ പേരുകൂടി മാറ്റൂ'; മുഗള്‍സരായിയുടെ പേര് ദീന്‍ദയാല്‍ എന്നാക്കുന്നതിനെതിരെ സഭയില്‍ പൊട്ടിത്തെറിച്ച് എം.പി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ പ്രധാന പ്രദേശവും പുരാതനവുമായ മുഗള്‍സരായി റെയില്‍വ്വേ സ്റ്റേഷന്റെ പേരു മാറ്റത്തിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. രാജ്യത്തിന്റെ ഭൂപടം മാറ്റിവരയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
മുഗള്‍സരായിയുടെ പേര് ജനസംഘം നേതാവ് 'ദീന്‍ ദയാല്‍ ഉപാധ്യായ്' എന്നാക്കണമെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു.
ഇതിനെ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്നുള്ള എം.പി നരേഷ് അഗര്‍വാള്‍ രാജ്യസഭയില്‍ ചോദ്യംചെയ്യുകയായിരുന്നു.
''ഉത്തര്‍പ്രദേശിന്റെ ഭൂമിശാസ്ത്രം ബി.ജെ.പി സര്‍ക്കാര്‍ അധികാരമുപയോഗിച്ച് മാറ്റുകയാണ്. ഈ സ്‌റ്റേഷന്‍ പഴയതാണ്. ന്യൂഡല്‍ഹിയുടെ പേരും മാറ്റാന്‍ ശ്രമിക്കുന്നുണ്ട്''- അദ്ദേഹം ആരോപിച്ചു. പിന്നീട് മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ എം.പിക്കൊപ്പം ബി.എസ്.പി അംഗങ്ങളും ചേര്‍ന്നു.
എന്നാല്‍, ഇതൊന്നും വകവയ്ക്കില്ലെന്നറിയിച്ചാണ് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മറുപടി നല്‍കിയത്. ''അവര്‍ക്ക് മുഗളന്മാരുടെ പേരില്‍ സ്ഥലം വേണം, എന്നാല്‍ പണ്ഡിറ്റ് ദീന്‍ ദയാലിന്റെ പേരില്‍ ആയിക്കൂടാ. ഇത് തെറ്റായ കാഴ്ചപ്പാടാണ്''- അദ്ദേഹം പറഞ്ഞു.
എന്നാല്‍ കൂടുതല്‍ പ്രകോപിതനായ എം.പി നരേഷ് അഗര്‍വാള്‍, ''അങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ പേരുകൂടി മാറ്റിക്കോളൂ'' എന്നു പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."