ടൂറിസം കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള വ്യാജ മരുന്നുലോബി വ്യാപകം
കട്ടപ്പന: ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്ന വ്യാജമരുന്നുകള്‍ വിറ്റഴിക്കാന്‍ വിനോദ സഞ്ചാര മേഖലകള്‍ കേന്ദ്രീകരിച്ചു വന്‍ലോബി. വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍, തേക്കടി മേഖലകളിലെ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത് അഞ്ചുലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കളും ആയുര്‍വേദ മരുന്നുകളുമാണ്. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പല സ്ഥാപനങ്ങളും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്നതെന്നും കണ്ടെത്തി.
മൂന്നാര്‍, കുമളി, വണ്ടന്‍മേട്, പുറ്റടി, അണക്കര തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതോളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. കുമളി ഗ്രീന്‍വാലി സ്‌പൈസസ് ഗാര്‍ഡന്‍, പുറ്റടിയിലെ തേക്കടി സ്‌പൈസസ് ഗാര്‍ഡന്‍, അടിമാലി കല്ലാര്‍ അറുപതാം മൈലിലെ കേരളാ ഫാം സ്‌പൈസസ് ആന്‍ഡ് ആയുര്‍വേദിക് സൂപ്പര്‍മാര്‍ട്ട്, കുമളിതേക്കടി റോഡിലെ റെസ്‌പോണ്‍സിബിള്‍ ടൂറിസം സ്‌പൈസസ് ഷോപ്പ് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാജ ഉല്‍പന്നങ്ങള്‍ പിടികൂടിയത്.
മരുന്നു വില്‍പന കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടെങ്കിലും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വില്‍ക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. വന്‍ തട്ടിപ്പാണ് അരങ്ങേറുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് ഇന്റലിജന്‍സ് വിഭാഗവും പൊലിസ് ഇന്റലിജന്‍സും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ സ്ഥാപനങ്ങളില്‍ വില്‍പനയ്ക്ക് എത്തിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഭൂരിഭാഗവും നിര്‍മിക്കുന്നത് തമിഴ്‌നാട്ടിലാണെന്ന് വിവരം. കുടില്‍ വ്യവസായം പോലെയാണ് തമിഴ്‌നാട്ടില്‍ ഇത്തരം ഉല്‍പന്ന നിര്‍മാണം നടക്കുന്നത്. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇരുസംസ്ഥാനങ്ങളും സംയുക്തമായി ഇത്തരം സംഘങ്ങളെ പിടികൂടാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. അതിനായി തമിഴ്‌നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുമെന്ന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ രവി .എസ്.മേനോന്‍ പറഞ്ഞു. ഏതു മേഖലയിലാണ് വ്യാജ ഉല്‍പന്നങ്ങളുടെ നിര്‍മാണമെന്ന് കണ്ടെത്തിയശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം.
50 രൂപ നിര്‍മാണ ചെലവുവരുന്ന ഷാംപുവിന് വില്‍പന കേന്ദ്രങ്ങളില്‍ ഈടാക്കുന്ന ഏറ്റവും കുറഞ്ഞ വില 750 രൂപയാണ്. ആവശ്യക്കാരുടെ എണ്ണം അനുസരിച്ചാണ് ഹെയര്‍ ഓയിലിന്റെ വില നിശ്ചയിച്ചിരുന്നത്. 3000 മുതല്‍ 12000 രൂപയ്ക്കു വരെയാണ് ഹെയര്‍ ഓയില്‍ വില്‍ക്കുന്നത്. മുന്‍പ് ഗള്‍ഫ് നാടുകളില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നതും പിന്നീട് നിരോധിച്ചതുമായ ഹാഷിഷ് ഹെയര്‍ ഓയില്‍ എന്ന വസ്തുവിന്റെ വ്യാജ ഉല്‍പന്നത്തിന് 6000 രൂപ വരെയാണ് ഈടാക്കുന്നത്. വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എണ്ണകള്‍ക്കും മറ്റും 3000 രൂപയാണ് വാങ്ങുന്നത്. വ്യാജ ആയുര്‍വേദ ലൈംഗിക ഉത്തേജക മരുന്നുകള്‍ക്ക് 10,000 രൂപയ്ക്കു മുകളിലാണ് ഈടാക്കുന്നത്. തദ്ദേശീയമായ ഉല്‍പന്നമെന്ന് വിശ്വസിച്ച് വിദേശികള്‍ക്ക് വില്‍ക്കുന്ന ഇത്തരം ഉല്‍പന്നങ്ങള്‍ വിദേശ നിര്‍മിതമെന്നാണ് ആഭ്യന്തര സഞ്ചാരികളെ ധരിപ്പിക്കുന്നത്. സഞ്ചാരികളെ തെറ്റിദ്ധരിപ്പിച്ച് കൊള്ളലാഭം കൊയ്യുകയും തട്ടിപ്പു നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കേണ്ടത് പൊലീസാണെങ്കിലും പരാതി ലഭിക്കാത്തതിനാല്‍ നടപടി ഉണ്ടാകുന്നില്ല.
ഉല്‍പന്നങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്ന സഞ്ചാരികള്‍ സ്വദേശത്ത് എത്തിയശേഷമായിരിക്കും കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. അതിനുശേഷം സ്ഥാപനങ്ങള്‍ക്കെതിരെ പരാതിയുമായി മുന്നോട്ടുപോകാന്‍ താല്‍പര്യം കാട്ടാറില്ല.
ഇതാണ് ഇത്തരം തട്ടിപ്പു സംഘങ്ങള്‍ക്ക് വളമാകുന്നത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വില്‍ക്കുന്ന മരുന്നുകളും ഉല്‍പന്നങ്ങളും വാങ്ങി ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നതു കാന്‍സര്‍ മുതല്‍ ത്വക്ക് രോഗങ്ങള്‍ വരെയാണ്. ഷാംപു, ലോഷന്‍, ജെല്‍, ഫേസ്‌വാഷ്, മുഖത്ത് പുരട്ടാനുള്ള ക്രീം, കുങ്കുമപ്പൂവ് നിര്‍മാണമെന്ന പേരിലുള്ള ഉല്‍പന്നം, വണ്ണം കുറയ്ക്കാനുള്ള മരുന്ന്, ആയുര്‍വേദ ലൈംഗിക ഉത്തേജക മരുന്ന് തുടങ്ങിയവയെല്ലാമാണ് വ്യാജമായി നിര്‍മിച്ച് വില്‍പനയ്ക്ക് എത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."