ആലുവ കൂട്ടക്കൊല: ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമാക്കി
ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ആലുവ കൂട്ടക്കൊല കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രിംകോടതി ജീവപര്യന്തമാക്കി. ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
ആന്റണി നല്കിയ പുന:പരിശോധനാ ഹരജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു. 2010 ല്‍ ആന്റണി രാഷ്ട്രപതിയ്ക്ക് നല്കിയ ദയാഹരജിയും 2015 ല്‍ തള്ളിയിരുന്നു.
ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് വധശിക്ഷ വിധിച്ചതെന്നും ഇക്കാര്യം സുപ്രിംകോടതി പരിഗണിച്ചില്ലെന്നുമാണ് ആന്റണിയുടെ വാദം.
2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (47) ഭാര്യ ബേബി (42), മക്കളായ ജെയ്മോന് (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്.
മാഞ്ഞൂരാന് കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു പ്രതി ആന്റണി. സര്‍വസ്വാതന്ത്ര്യവും ആന്റണിക്ക് ആ വീട്ടിലുണ്ടായിരുന്നു. കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നു കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് അന്വേഷണങ്ങളിലെ കണ്ടെത്തല്‍. വിദേശത്ത് ജോലിക്ക് പോകാന്‍ ആന്റണിക്ക് കൊല്ലപ്പെട്ട കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിസ തരപ്പെട്ടപ്പോള്‍ അവസാന സമയം പണം നല്കാന് കൊച്ചുറാണി തയാറായില്ല. ഇതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. തെളിവു നശിപ്പിക്കുന്നതിനായി സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.
കേസ് ആദ്യം ലോക്കല്‍ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു. ഒടുവില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണവും ഒടുവില്‍ അവസാനിച്ചത് ആന്റണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."