പാരാമെഡിക്കല്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ജോലി നിഷേധിക്കുന്നതായി പരാതി
തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ ജോലി നിഷേധിക്കുന്നതായി ഇതരസംസ്ഥാനങ്ങളില്‍നിന്ന് പാരമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍. ഇതരസംസ്ഥാനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക് കേരളത്തില്‍ രജിസ്‌ട്രേഷന്‍ നല്‍കാത്തതാണ് കാരണമെന്നും ഇവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സും പരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സായ ബി.എസ്.സി അലൈഡ് ഹെല്‍ത്ത് സയന്‍സും പാസായവര്‍ക്കാണ് കേരള രജിസ്‌ട്രേഷന്‍ ലഭിക്കാത്തത്. 2004 മുതല്‍ കോഴ്‌സ് കഴിഞ്ഞിറങ്ങിയവരാണ് ദുരിതത്തില്‍. അതാത് സംസ്ഥാന സര്‍ക്കാരുകള്‍ കോഴ്‌സുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തില്‍ അംഗീകാരം നല്‍കാത്തതു മൂലം പി.എസ്.സിക്ക് അപേക്ഷിക്കാനോ സര്‍ക്കാര്‍ സംവിധാനങ്ങളിലെ താത്കാലിക ജോലിക്ക് അപേക്ഷിക്കാനോ കഴിയാത്ത സ്ഥിതിയുണ്ട്.
മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എം.ബി.ബി.എസ് പാസായവര്‍ക്ക് അംഗീകാരം നല്‍കുന്ന അധികൃതര്‍ തങ്ങളോട് വിവേചനം കാണിക്കുകയാണ്. 2004ല്‍ കേരളത്തില്‍ മതിയായ പഠന സൗകര്യമില്ലാത്തതിനാലാണ് മറ്റു സംസ്ഥാനങ്ങളിലെ കോഴ്‌സുകളെ ആശ്രയിക്കേണ്ടി വന്നത്. കേരളത്തില്‍ പഠിക്കാതെ ഇതര സംസ്ഥാനങ്ങളിലേക്ക് പോയതെന്തിനെന്നാണ് അധികൃതര്‍ ചോദിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഏഴു വര്‍ഷം ജോലി ചെയ്തയാള്‍ക്ക് രജിസ്‌ട്രേഷന്‍ ഇല്ലാത്തതിന്റെ പേരില്‍ ജോലി നഷ്ടമായി. എംപ്ലോയ്‌മെന്റ് വഴി ജോലി ലഭിച്ചയാളിനാണ് മൂന്നു മാസത്തെ സേവനത്തിനു ശേഷം ജോലി പോയത്. വായ്പയെടുത്ത് കോഴ്‌സ് പൂര്‍ത്തിയാക്കിയ പലരും ജപ്തി ഭീഷണിയിലുമാണ്. ഡിഗ്രി കോഴ്‌സുകള്‍ ചെയ്യുന്നവര്‍ക്ക് കേരള ആരോഗ്യ സര്‍വകലാശാല തുല്യത നല്‍കണമെന്നും ഉദ്യോഗാര്‍ഥികള്‍ ആവശ്യപ്പെട്ടു. എസ്. ശാരി, എം.ടി അഭിലാഷ്, എം.എം മിഥുന്‍, സയ്യിദ് അലി, സൂര്യ ആനന്ദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."