അടിസ്ഥാന സൗകര്യങ്ങളില്ല; തങ്കളം ബസ് സ്റ്റാന്‍ഡ് അവഗണനയില്‍ കവാടം പൊട്ടിപ്പൊളിഞ്ഞത് മൂലം ബസുകള്‍ വഴി മാറി ഓടുന്നു
കോതമംഗലം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ തങ്കളം ബസ് സ്റ്റാന്‍ഡ് അവഗണനയില്‍. ബസ് സ്റ്റാന്‍ഡ് കവാടം പൊട്ടിപ്പൊളിഞ്ഞതിനാല്‍ ബസുകള്‍ സ്റ്റാന്‍ഡിനെ ഉപേക്ഷിച്ച് വഴി മാറി ഓടുകയാണ്. നഗരത്തിലെ പ്രധാന ബസ് സ്റ്റാന്‍ഡുകളിലൊന്നായ തങ്കളം ഓപ്പറേറ്റിങ് സ്റ്റാന്‍ഡില്‍ സ്വകാര്യബസുകള്‍ കയറാതായിട്ട് ഒരു മാസമാകുന്നു.
ബസ് സ്റ്റാന്‍ഡ് കവാടത്തിലേക്കുള്ള ബൈപാസ് റോഡിന്റെ ഭാഗം പൊട്ടിപൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായതാണ് പ്രധാനകാരണം. യാത്രികര്‍ക്ക് ടോയ്‌ലറ്റ് സൗകര്യങ്ങളില്ലാത്തതും ഇരിപ്പടങ്ങളില്ലാത്തതും സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രികര്‍ ബസ് സ്റ്റാന്‍ഡിനെ ഉപേക്ഷിക്കാന്‍ കാരണമാകുന്നു.
മുവാറ്റുപുഴ ഭാഗത്തു നിന്നുള്ള ബസുകള്‍ എല്ലാം വിമലഗിരി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ബൈപാസ് റോഡിലൂടെ തങ്കളം ബസ് സ്റ്റാന്‍ഡില്‍ എത്തിയ ശേഷമാണ് പ്രധാന ബസ് സ്റ്റാന്‍ഡിലേക്ക് വരുന്നത്. ഹൈറേഞ്ച് ഭാഗങ്ങളിലേക്കുള്ള ബസുകളുടെ ഓപ്പറേറ്റിങ് സ്റ്റാന്‍ഡായി ഗതാഗത പരിഷ്‌കരണ സമിതിയും നഗരസഭയും തീരുമാനിച്ചിട്ടുള്ളതും തങ്കളം സ്റ്റാന്‍ഡാണ്. വിമലഗിരി ഭാഗത്ത് നിന്ന് വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗം മഴക്കാലത്തിന് മുന്‍പേ തന്നെ പൊട്ടിപ്പൊളിഞ്ഞതാണ്. ആരും തിരിഞ്ഞു നോക്കാനില്ലാതായതോടെ വന്‍ഗര്‍ത്തം രൂപപ്പെട്ട് വെള്ളം നിറഞ്ഞ് കിടക്കുന്ന അവസ്ഥയാണിപ്പോള്‍.
ഗര്‍ത്തത്തില്‍ ഇറങ്ങുന്ന ബസ്സുകളുടെ അടിഭാഗം തട്ടി കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയതോടെയാണ് ബസുകള്‍ വഴി മാറി ഓടിത്തുടങ്ങിയത്. വിമലഗിരി ഭാഗത്തു നിന്നു വരുന്ന ബസുകള്‍ സ്റ്റാന്‍ഡിലേക്ക് തിരിയാതെ നേരെ ആലുവ മൂന്നാര്‍ റോഡിലേക്ക് പ്രവേശിച്ച് തങ്കളം ജങ്്ഷന്‍ വഴിയാണ് ഇപ്പോള്‍ നഗരത്തിലെ പ്രധാന സ്റ്റാന്‍ഡില്‍ എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."