മുവാറ്റുപുഴയില്‍ കെ.എസ്.യു പ്രകടനത്തിനു നേരെ എസ്.എഫ്.ഐ അക്രമം
മുവാറ്റുപുഴ: കെ.എസ്.യു ജില്ലാ പ്രസിഡന്റ് അലോഷ്യസിനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് പഠിപ്പ് മുടക്കി പ്രകടനം നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം. പരുക്കേറ്റ മൂന്ന് വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പേഴക്കാപ്പിള്ളി അറഫാ കോളേജിലും മുവാറ്റുപുഴ നിര്‍മലാ കോളജിലുമാണ് അക്രമമുണ്ടായത്.
അറഫാ കോളജില്‍ സമാധാനപരമായി സമരം നടത്തി പ്രകടനം നടക്കുന്നതിനിടെ കെ.എസ്.യുവിന്റെ പതാക ബലമായി പിടിച്ചെടുത്ത് നശിപ്പിച്ച ശേഷമായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമം. ഗുരുതരമായി പരുക്കേറ്റ അറഫാ കോളജ് കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ് ജിബിന്‍ സണ്ണിയെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സക്കായി നിര്‍മ്മലാ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. അറഫാ കോളജിലെ രണ്ടാം വര്‍ഷ എം.കോം വിദ്യാര്‍ഥി അജിത്, രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥി മുഹമ്മദ് അസ്ലം എന്നിവരെ താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
നിര്‍മലാ കോളജിലെ കവാടത്തില്‍ സമരം നടത്തി കൊണ്ടിരുന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരേ പൊലിസ് ലാത്തിവീശി. സമരത്തിന് നേതൃത്വം നല്കിയ കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറി റംഷാദ് റഫീക്കിനെ പൊലിസ് നടുറോഡിലൂടെ വലിച്ചിഴച്ചു. ഇതിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെയും പൊലിസ് ലാത്തി വീശി. നിരവധി വിദ്യര്‍ഥികള്‍ക്ക് പരുക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ മുഹമ്മദ് റഫീക്ക്, ഷാന്‍ മുഹമ്മദ്, കെ.എസ്.യു നേതാക്കളായ റംഷാദ് റഫീക്ക്, മുബ്ബാസ്, തുടങ്ങി എട്ട് പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു പിന്നിട് ഇവര്‍ക്കെതിരേ കേസെടുത്ത ശേഷം വിട്ടയച്ചു.
കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.പി എല്‍ദോസ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സമീര്‍ കോണിക്കല്‍ എന്നിവര്‍ പ്രതിഷേധിച്ചു. കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ച പൊലിസുകാര്‍ക്കെതിരെയും എസ്.എഫ്.ഐക്കാര്‍ക്കെതിരേയും കേസെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."