പൗരത്വ നിയമം ദീര്‍ഘകാല പ്രഹരശേഷിയുള്ളത്
ബ്രാഹ്മണ്യ ഹിന്ദുത്വത്തിന്റെ ദുഷ്ടലാക്ക് പൗരത്വ നിയമ ഭേദഗതിയില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോകചരിത്രത്തില്‍ ഒരിടത്തുമില്ലാത്ത വ്യവസ്ഥയാണ് പൗരത്വം നിഷേധിക്കാന്‍ മതം കാരണമാവുന്നത്. അഭയാര്‍ഥികളായാലും അല്ലെങ്കിലും മതമതിലുകളുയര്‍ത്തി മനുഷ്യര്‍ക്കിടയില്‍ വിഭജനവര മാനവ ചരിത്രത്തില്‍ ആദ്യമായി, അമിത് ഷാ ആര്‍.എസ്.എസിനുവേണ്ടി വരയ്ക്കുകയാണ്. ഹിന്ദുത്വവാദികള്‍ മുസ്‌ലിംകളെ ശത്രുക്കളായിട്ടാണ് ഗണിച്ചുവരുന്നത്. അവസരനിഷേധങ്ങള്‍ മാത്രമല്ല, ജന്മാവകാശങ്ങളും നിഷേധിക്കാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വ ഭീകരര്‍.
'ഈ നാടിന്റെ ശത്രുക്കളുമായി അവര്‍ (മുസ്‌ലിംകള്‍) ഒരു താദാമ്യവികാരം വളര്‍ത്തിയെടുക്കുകയും ചെയ്തിരിക്കുന്നു. തങ്ങളുടെ പുണ്യസ്ഥലങ്ങള്‍ എന്ന നിലയില്‍ ചില വിദേശരാജ്യങ്ങളിലേക്കാണ് അവര്‍ ഉറ്റുനോക്കുന്നത്. ശൈഖുകള്‍, സയ്യിദുകളെന്ന് അവര്‍ സ്വയം വിളിക്കുന്നു. ശൈഖുകളും സയ്യിദുകളും അറേബ്യയിലെ ചില ഗോത്രങ്ങളാണ്. അപ്പോള്‍ പിന്നെ തങ്ങള്‍ അവരുടെ പിന്‍ഗാമികളാണെന്ന് ഇക്കൂട്ടര്‍ക്ക് തോന്നാന്‍ ഇടയാകുന്നത് എന്തുകൊണ്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ നാടുമായുള്ള സകലവിധ ദേശീയ ബന്ധങ്ങളും ഇവര്‍ വിച്ഛേദിക്കുകയും അക്രമികളുമായി മാനസികമായി ഐക്യപ്പെടുകയും ചെയ്തിരുന്നു.'' (ഗോള്‍വാള്‍ക്കര്‍-വിചാരധാര, പേജ്: 128) തീവ്ര ഹിന്ദുത്വ മനസുകളില്‍ ഇത്തരം വിഷബീജങ്ങള്‍ കുത്തിനിറച്ച് കടുത്ത പക വളര്‍ത്തിക്കൊണ്ടുവരികയും മുസ്‌ലിംകളെ ശത്രുക്കളായും അക്രമികളായും അവതരിപ്പിച്ചു മനുഷ്യര്‍ക്കിടയില്‍ അടിസ്ഥാനപരമായി ഒരു വിഭജനം ഇവര്‍ വളര്‍ത്തിയിട്ടുണ്ട്. 'മാനവ സേവ, മാധവ സേവ' എന്ന മനോഹര ഹൈന്ദവ സങ്കല്‍പ്പം തകര്‍ക്കുക വഴി ഇന്ത്യന്‍ ദേശീയതയാണ് ഹിന്ദു വര്‍ഗീയവാദികള്‍ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യന്‍ പ്രധാനമന്ത്രി ശ്രീ ദാമോദര്‍ നരേന്ദ്രമോദി യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ ഭരണാധികാരി ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഭഗവദ്ഗീതയുടെ ഒരു പതിപ്പ് സമ്മാനമായി നല്‍കിയിരുന്നു. 88 ലക്ഷം ഇന്ത്യക്കാര്‍ വിവിധ അറബ് മുസ്‌ലിം രാജ്യങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. അതില്‍ മഹാഭൂരിപക്ഷവും മുസ്‌ലിംകളല്ലാത്തവരാണ്. ഏതെങ്കിലും തരത്തിലുള്ള മത പരിഗണനകളും അവഗണനയും അവിടെ അനുഭവപ്പെടുന്നില്ല. അവരവരുടെ പ്രൊഫഷനുകളില്‍ സമ്പൂര്‍ണസമത്വവും സ്‌നേഹവും അവര്‍ക്ക് ലഭ്യമാണ്. നരേന്ദ്രമോദി ഭഗവത്ഗീത വായിച്ചിട്ടുണ്ടാകുമല്ലോ. നാലാം അധ്യായം ശ്ലോകം 34 ഇങ്ങനെ വായിക്കാം: ഒരു അധ്യാത്മിക ഗുരുവിനെ സമീപിച്ച് സത്യത്തെ കുറിച്ച് അറിയാന്‍ ശ്രമിക്കണം. അദ്ദേഹത്തെ സേവിക്കുക, അദ്ദേഹത്തില്‍നിന്ന് വിനയപൂര്‍വം ചോദിച്ചറിയുക. ആത്മസാക്ഷാത്കാരം ലഭിച്ച ഒരാള്‍ സത്യം കണ്ടറിഞ്ഞിരിക്കുകയാല്‍ അദ്ദേഹത്തിന് ജ്ഞാനോപദേശം നല്‍കാന്‍ കഴിവുണ്ട്. '' സത്യസന്ധനും സദ്‌വൃത്തനുമായ ഒരു ഗുരുവില്‍നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഭഗവത്ഗീത വായിച്ചുപഠിക്കണം.
''ആരുടെ മനസ് സമഭാവനയില്‍ ഉറച്ചുനില്‍ക്കുന്നുവോ, അവര്‍ ജനന-മരണാവസ്ഥയെ ജയിച്ചുകഴിഞ്ഞു. അവര്‍ ബ്രഹ്മത്തെ പോലെ ദോഷമറ്റവരാണ്. അതുകൊണ്ട് അവര്‍ ബ്രഹ്മപദസ്ഥരുമാണ്.'' (ഭഗവത്ഗീത-അധ്യായം 5, ശ്ലോകം 19) സമഭാവനയെക്കുറിച്ച് ആധികാരികമായും അര്‍ഥപൂര്‍ണമായും ഉദ്‌ഘോഷിച്ച ഭഗവത്ഗീത മാനിക്കുന്നുവെങ്കില്‍ എങ്ങനെയാണ് മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കലും നിഷേധിക്കലും. അന്താരാഷ്ട്ര സമൂഹം ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിക്ക് വേണ്ടിയുള്ള കരുതലുകളും കരുതിവയ്പ്പുകളുമാണ് നരേന്ദ്രമോദി ചെയ്തുവരുന്നത്.
ഭരണഘടനാ തത്വങ്ങള്‍ സമര്‍ഥമായി ബലാല്‍ക്കാരം ചെയ്യുന്നു. മതനിരപേക്ഷതയുടെ മാന്യമായ ഒരു തലം ഭാവി ഭാരതത്തില്‍ എത്രത്തോളം നിലനില്‍ക്കും എന്ന ലോക സമൂഹങ്ങളുടെ ആശങ്ക അസ്ഥാനത്തല്ല. ദേശീയ പൗരത്വ നിയമത്തിനെതിരേ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന വലിയ പ്രക്ഷോഭങ്ങള്‍ ഭരണകൂടം ഇതുവരെയും മുഖവിലക്കെടുത്ത് കാണുന്നില്ല. മതാടിസ്ഥാനത്തിലുള്ള ഒരു ഭാരതം ശശി തരൂര്‍ പറഞ്ഞതുപോലെ ഒരു ഹിന്ദു, പാകിസ്താന്‍ നിര്‍മിക്കപ്പെടലാണ്.
''നിയമത്തിനു മുമ്പാകെ സമത്വം രാഷ്ട്രം ഭാരതത്തിന്റെ ഭൂപ്രദേശത്തിനകത്ത് യാതൊരാള്‍ക്കും നിയമത്തിന്റെ മുമ്പാകെ സമത്വമോ നിയമങ്ങളുടെ സമമായ സംരക്ഷണമോ നിഷേധിക്കുവാന്‍ പാടുള്ളതല്ല. ഭരണഘടന അനുച്ഛേദം 14 മതം വര്‍ഗം-ജാതി-ലിംഗം-ജനനസ്ഥലം എന്നിവയോ അവയിലേതെങ്കിലും മാത്രം കണക്കാക്കി രാഷ്ട്രം യാതൊരു പൗരനോടും വിവേചനം കാണിക്കുവാന്‍ പാടുള്ളതല്ല.'' (ഭരണഘടന അനുഛേദം 15.(1). ഈ ഭരണഘടനയുടെ മൗലികതയിലാണ് നരേന്ദ്രമോദി കത്തിവച്ചത്. പാര്‍ലമെന്റില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഉന്നയിച്ച 43 ഭേദഗതികളും മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് തള്ളിക്കളയുകയായിരുന്നു. എത്രയും പെട്ടെന്ന് ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിച്ചെടുക്കണം എന്ന തന്ത്രപ്പാടിലാണ് ബി.ജെ.പി. ലോക സമൂഹങ്ങള്‍ ഇക്കാര്യങ്ങളെല്ലാം ദര്‍ശിക്കുന്നു എന്നുപോലും വിചാരപ്പെടാത്ത മനസ്സ് ഇവര്‍ക്കുണ്ടായി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം, യൂറോപ്യന്‍ യൂനിയന്‍ തുടങ്ങിയ അന്താരാഷ്ട്ര സംവിധാനങ്ങള്‍ ഇന്ത്യയുടെ നിലപാട് അപകടകരമാണെന്ന് മുന്നറിയിപ്പുനല്‍കി. ഇവരെല്ലാം പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന വളരെ സങ്കുചിതമായ മറുപടിയാണ് മോദിയും അമിത് ഷായും നല്‍കിയത്. മുസ്‌ലിം വിരുദ്ധത ബാധിച്ച് ബി.ജെ.പിയുടെ അകക്കണ്ണ് നഷ്ടപ്പെട്ടിരിക്കുന്നു. പ്രഗത്ഭനായ നിയമ പണ്ഡിതന്‍ കപില്‍ സിബല്‍ രാജ്യസഭയില്‍ പറഞ്ഞത് രണ്ട് ദിനോസറുകള്‍ രണ്ടു ഭാഗത്ത് നിലയുറപ്പിച്ചിരിക്കുന്നുവെന്നാണ്. ഭാരതത്തിന്റെ മൂല്യങ്ങളും മൗലികതയും വിഴുങ്ങുന്ന അധികാരികളില്‍ നിന്നും പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും മോചനം അനിവാര്യമാണ്.
ആര്‍.എസ്.എസിനും ബി.ജെ.പിക്കും സംഘ്പരിവാരങ്ങള്‍ക്കും തിന്മയുടെ ശബ്ദമാണ് ഇഷ്ടം, അടിസ്ഥാന തലം മുതല്‍ മേലെ തലം വരെ അവരുടെ സംസാരങ്ങളും ചിന്തകളും പകയുടെ സ്വരം മാത്രം. പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ മോപ്പസാങിനോട് ഒരിക്കല്‍ ഒരു സുഹൃത്ത് ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങളുടെ കഥയിലെ സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം ദുര്‍നടപ്പുകാരിയായത്. 'സല്‍സ്വഭാവികളായ സ്ത്രീകളുടെ കാര്യത്തില്‍ ആര്‍ക്കും തന്നെ താല്‍പര്യമില്ല. അതുതന്നെ കാര്യം-മോപ്പസാങ് മറുപടി നല്‍കി. ആര്‍.എസ്.എസ് ശാഖ മുതല്‍ ബി.ജെ.പി ശാഖാ കമ്മിറ്റികള്‍ വരെ വിഭജനത്തെക്കുറിച്ച് മാത്രം വിചാരിക്കുന്നു. മുസ്‌ലിംകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാരുടെമേല്‍ ബ്രാഹ്മണ്യം അടിച്ചേല്‍പ്പിക്കാനാണ് ശ്രമം. ഹൈന്ദവ ദര്‍ശനത്തിന്റെ സൗന്ദര്യ ആവിഷ്‌കാരങ്ങള്‍ സമൂഹത്തിന് അനുഭവിക്കാന്‍ അവസരം നിഷേധിക്കുകയാണ് ഈ ഹിന്ദുത്വ ഭീകരര്‍. പൗരത്വം ജന്മാവകാശമാണ് ഔദാര്യമല്ല. അതു നിഷേധിക്കാന്‍ എത്ര വലിയവര്‍ ശ്രമിച്ചാലും അനുവദിക്കുകയില്ലെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."