പുറമ്പോക്ക് കൈയേറ്റ ഭൂമി അളക്കല്‍ ആരംഭിച്ചു
പുതുക്കാട്: ബസാര്‍ റോഡ് വികസനത്തിന്റെ ഭാഗമായി പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ജില്ലാ സര്‍വേ വിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പുറമ്പോക്ക് അളക്കുന്നത്. റോഡിന്റെ ഇരുവശത്തുള്ള സ്ഥലമുടമകള്‍ക്കും നോട്ടിസ് നല്‍കിയ ശേഷമാണ് സര്‍വേ ആരംഭിച്ചത്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ സി.രവീന്ദ്രനാഥിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നു മൂന്നു കോടി രൂപ ചെലവഴിച്ചാണ് ബസാര്‍ റോഡ് വികസനം നടത്തുന്നത്. ഏറെ തിരക്കുള്ള ബസാര്‍ റോഡിലെ കൈയേറ്റം തിരിച്ചു പിടിച്ച് റോഡ് വീതി കൂട്ടണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ബസാര്‍ റോഡ് വികസനം വേഗത്തിലാക്കണമെന്നാവശ്യത്തില്‍ ഒരു വര്‍ഷം മുന്‍പ് പഞ്ചായത്ത് ഭരണസമിതി ഐക്യകണ്‌ഠേന തീരുമാനമെടുത്ത് ജില്ലാ ഭരണകൂടത്തിനും പൊതുമരാമത്ത് വകുപ്പിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ പല കാരണങ്ങളാല്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങിയതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
കഴിഞ്ഞയാഴ്ച പൊതുമരാമത്ത് വകുപ്പിനെതിരേ മനുഷ്യാവകാശ കമ്മിഷന് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗം റോഡ് വികസനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍, ഭരണ സമിതിയംഗങ്ങള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."