അളഗപ്പ നഗറില്‍ വെള്ളമില്ല; 200 ഹെക്ടര്‍ നെല്‍കൃഷി നശിക്കുന്നു
പുതുക്കാട്: അളഗപ്പനഗര്‍ പഞ്ചായത്തില്‍ വെള്ളമില്ലാതെ ഇരുന്നൂറ് ഹെക്ടര്‍ നെല്‍കൃഷി നാശത്തിന്റെ വക്കില്‍. പീച്ചി ഡാമില്‍ നിന്ന് ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടാത്തതാണ് പ്രതിസന്ധിക്ക് കാരണം. വരാക്കര, വട്ടണാത്ര പൂക്കോട്, വെണ്ടൂര്‍ എന്നി മൂന്ന് പാടശേഖരങ്ങളിലെ നെല്‍കൃഷിയാണ് നാശത്തിന്റെ വക്കിലായത്.
എത്രയും വേഗം വെള്ളം എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നെല്‍കൃഷി പൂര്‍ണമായും നശിക്കും. രണ്ട് മാസത്തോളം പ്രായമായ നെല്‍ച്ചെടികളാണ് ഉണക്കു ഭീക്ഷണി നേരിടുന്നത്. വെള്ളമില്ലാതെ പാടത്ത് പലയിടങ്ങളിലും വിണ്ടുകീറിയ നിലയിലാണ്. കനാല്‍ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കിയ 150 ഓളം കര്‍ഷകരാണ് വെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത്. പ്രളയത്തില്‍ തകര്‍ന്ന ഇടതുകര കനാലിന്റെ അറ്റകുറ്റപണികള്‍ നടത്താതെ ഡാമില്‍ നിന്ന് വെള്ളം തുറന്ന് വിടാന്‍ കഴിയില്ലെന്നാണ് ഇറിഗേഷന്‍ അധികൃതര്‍ പറയുന്നത്. ചെറുതും വലുതുമായി മുന്നൂറ് ഇടങ്ങളിലാണ് കനാല്‍ തകര്‍ന്നിരിക്കുന്നത്. ഇതില്‍ പ്രധാനമായും മാന്ദാമംഗലം കുട്ടന്‍കാട് ഭാഗത്ത് 35 മീറ്ററാണ് കനാല്‍ തകര്‍ന്നത്. ഈ ഭാഗം താല്‍ക്കാലികമായെങ്കിലും പുനര്‍നിര്‍മിച്ചാല്‍ മാത്രമാണ് കനാലിലൂടെ വെള്ളം എത്തുകയുള്ളു. എന്നാല്‍ കനാല്‍ നിര്‍മാണത്തിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതില്‍ ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നാണ് കര്‍ഷകരുടെ ആരോപണം.
ഇടതുകര മെയിന്‍ കനാലിലൂടെ എത്തുന്ന വെള്ളം ബ്രാഞ്ച് കനാലിലൂടെയാണ് അളഗപ്പനഗറില്‍ എത്തുന്നത്. 50 കിലോമീറ്ററിലധികം നീളമുള്ള ഇടതുകര കനാലിലൂടെ വെള്ളം തുറന്നു വിടുന്നതോടെ കാര്‍ഷികാവശ്യത്തിനു പുറമെ കുടിവെള്ള ക്ഷാമത്തിനും പരിഹാരമാകാറുണ്ട്. ഇടതുകര കനാലിലെ വെള്ളത്തെ ആശ്രയിച്ച് കൃഷി ചെയ്യുന്ന മറ്റ് പഞ്ചായത്തുകളിലെയും സ്ഥിതി സമാനരീതിയിലാണ്. കനാലിന്റെ അറ്റകുറ്റപണികള്‍ തീര്‍ത്ത് പാടശേഖരത്തിലേക്ക് വെള്ളം എത്തിച്ചില്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങാനാണ് കര്‍ഷകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."