ഗോമതിയില്‍ മാലിന്യം കുമിയുന്നു
നെന്മാറ: മംഗലം-ഗോവിന്ദാപുരം പാതയിലെ ഗോമതി മുതല്‍ നെന്മാറ എന്‍.എസ്.എസ് കോളജ് വരെയുള്ള ഭാഗങ്ങളില്‍ മാലിന്യ നിക്ഷേപ കേന്ദ്രമാകുന്നു.
നടപടിയെടുക്കാതെ അധികൃതരും.
മാംസാവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപയോഗശൂന്യമായ വസ്തുക്കള്‍ ചാക്കുകളിലാക്കിയാണ് ഈ ഭാഗത്തെ പാതയ്ക്ക് ഇരുവശത്തുമായി തള്ളുന്നത്. വിവാഹ ചടങ്ങുകളിലെ മാലിന്യമാണ് പ്രധാനമായും ഈ ഭാഗത്ത് നിക്ഷേപിക്കുന്നത്. മാംസാവശിഷ്ടങ്ങള്‍ ഉള്ളതിനാല്‍ പലപ്പോഴും അഴുകി ദുര്‍ഗന്ധമുണ്ടാകുന്നുന്നതിനാല്‍ ഇതിലൂടെ മൂക്കു പൊത്തി യാത്ര ചെയ്യേണ്ട സ്ഥിതിയാണ്.
മഴ മാറിയതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാറ്റില്‍ പറന്നു പ്രദേശത്താകെ പരന്നുകിടിക്കുകയാണ്.
ഒരു ഭാഗത്ത് വനം വകുപ്പിന്റെ മുളങ്കാടുകള്‍ നിറഞ്ഞ സ്ഥലവും മറുവശത്ത് പാതയോരവുമാണ്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മേലാര്‍കോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്നും, താങ്കള്‍ സി.സി.ടി.വി.നിരീക്ഷണത്തിലാണെന്നുമുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
എന്നാല്‍, സി.സി.ടി.വി കാമറ സ്ഥാപിക്കാതെ ബോര്‍ഡില്‍ മാത്രം സി.സി.ടി.വി. മുന്നറിയിപ്പ് ഒതുങ്ങിയതോടെ മാലിന്യം തള്ളുന്നതിന് കുറവുമുണ്ടായിട്ടില്ല.
മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ പാതയരികില്‍ തന്നെ കുഴിയെടുത്ത് മൂടുകയാണ് ചെയ്യുന്നത്. എന്നാല്‍, മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
വനം വകുപ്പിന്റെ ഭൂമിയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ ഉയരത്തില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കണമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറയുന്നത്. പഞ്ചായത്തിന് സ്വന്തമായി മാലിന്യ സംസ്‌ക്കരണ സംവിധാനമില്ലാത്തതും ഇതിനായി പദ്ധതികള്‍ തയാറാക്കാത്തതും പഞ്ചായത്തിന്റെ പ്രധാന കവലകളിലെല്ലാം മാലിന്യം കുമിഞ്ഞു കൂടുന്നതിന് കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."