ജില്ലയിലെ വികസന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണും: കലക്ടര്‍
കോട്ടയം: ജില്ലയുടെ വികസനത്തിന് തടസ്സമാകുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പ്രധാന്യം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ കലക്ടര്‍ സി. എ. ലത. പഞ്ചായത്തുതല പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും കലക്ടര്‍ വക്തമാക്കി.
കലക്ടറേറ്റില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വാട്ടര്‍ അഥോറിറ്റിയുടെ അടിയന്തിര യോഗം വിളിക്കും.
ജില്ലയില്‍ വിജയകരമായി തുടക്കം കുറിച്ച തെരുവു നായ്ക്കളുടെ വന്ധ്യംകരണ പദ്ധതിയായ എബിസി പ്രോഗ്രാമും മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള ശുചിത്വ കോട്ടയം പദ്ധതിയും തുടരുമെന്നും കലക്ടര്‍ അറിയിച്ചു. റെയില്‍വേപ്പാത ഇരട്ടിപ്പിനുള്ള സ്ഥലമെടുപ്പു സംബന്ധിച്ച പ്രശ്‌നങ്ങളും അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കും.
പ്രീപെയ്ഡ് ഓട്ടോ, നാഗമ്പടം റെയില്‍വേ മേല്‍പ്പാലം, തോടുകളില്‍ മാലിന്യം വലിച്ചെറിയുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് കലക്ടര്‍ പറഞ്ഞു. ചുമതലയേറ്റ ഉടനെ ജില്ലാതല ഉദ്യോഗസ്ഥരുമായി വികസന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തതിനു ശേഷമാണ് കലക്ടര്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.
കലക്ടര്‍ സി.എ ലത
ചുമതലയേറ്റു
കോട്ടയം: ജില്ലയുടെ പുതിയ കലക്ടറായി സി.എ ലത ചുമതലയേറ്റു. നിറപുത്തിരി ദിനമായ ഇന്നലെ രാവിലെ കൈയില്‍ ഐശ്വര്യത്തിന്റെ പ്രതീകമായ നെല്‍ക്കതിരുമായാണ് കലക്ടര്‍ എത്തിയത്. കോഴിക്കോട് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുളള സി.എ ലത ഫിഷറീസ് വകുപ്പ് മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവില്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ്. എ.ഡി.എം പി. അജന്തകുമാരി, കോട്ടയം ആര്‍.ഡി.ഒ രാംദാസ്, കോട്ടയം തഹസീല്‍ദാര്‍ അനില്‍ ഉമ്മന്‍, പ്രോജക്ട് ഡയറക്ടര്‍ ബിജോയ് വര്‍ഗീസ്, എ.ഡി.സി (ജനറല്‍) ജെ. ബെന്നി, ഡിറ്റിപിസി സെക്രട്ടറി ജിജു ജോസ്, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ കലക്ടറെ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."