അഴുക്കുചാല്‍ മലിനമയം; നാട്ടുകാര്‍ ദുരിതത്തില്‍
പൂക്കോട്ടുംപാടം: മാമ്പറ്റ മണ്ണാത്തിപ്പൊയില്‍ റോഡിലെ അഴുക്കു ചാലില്‍ മലിന ജലം നിറഞ്ഞു. ദുര്‍ഗന്ധം കാരണം നാട്ടുകാര്‍ ദുരിതത്തില്‍. അശാസ്ത്രീയമായ അഴുക്കുചാല്‍ നിര്‍മാണം മൂലമാണ് ഇവിടെ വെള്ളംകെട്ടിനിന്നു കൊതുക് വളരാന്‍ ഇടയാക്കിയിരിക്കുന്നത്. ഈ റോഡിലെ പടിഞ്ഞാറംപൊയില് ഭാഗത്ത് നൂറ് മീറ്റര്‍ ദൂരം മാത്രം പ്രവൃത്തി നടത്താത്തതിനാല്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അഴുക്കുചാല്‍ നിര്‍മിച്ചത്.
എന്നാല്‍ ഈ പ്രവര്‍ത്തിയും പൂര്‍ത്തീകരിക്കാത്തതിനാല്‍ ഓടകളില്‍ ജലം കെട്ടികിടക്കുന്ന അവസ്ഥയിലായി. ഇതോടെ വെള്ളം കെട്ടികിടന്ന് കൊതുക് വളരാനും പ്ലാസ്റ്റിക് കുപ്പികളും ഇലകളും മറ്റും നിറഞ്ഞു ചീഞ്ഞു ദുര്‍ഗന്ധം വമിക്കാനും തുടങ്ങി. പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളുടെയും രണ്ട് ബ്ലോക്ക് പഞ്ചായത്തുകളുടെയും അതിര്‍ത്തി പങ്കിടുന്ന സ്ഥലമായതിനാല്‍ വാര്‍ഡ് അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് ഈ റോഡിന്റെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
റോഡിന്റെ താഴ്ന്ന ഭാഗത്ത് അഴുക്കുചാല്‍ പ്രവൃത്തി നടത്തുകയും ഉയരം കൂടിയ ഭാഗത്ത് നടത്താത്തതുമാണ് വെള്ളം കെട്ടി കിടക്കാന്‍ ഇടയാവുന്നത്. അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ലെങ്കില്‍ സമരത്തിനിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."