ഡല്‍ഹിയിലെ സമരപോരാളികള്‍ നാട്ടിലെത്തി
ഡല്‍ഹിയിലെ വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം
സ്വന്തം ലേഖകന്‍
കോഴിക്കോട്: പൗരത്വനിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ സമരം ചെയ്ത വിദ്യാര്‍ഥികളുടെ ആദ്യസംഘം ഇന്നലെ കോഴിക്കോട്ടെത്തി. ജാമിഅ മില്ലിയ്യ, ഡല്‍ഹി , അലിഗഢ് സര്‍വകലാശാലകളിലെ 40 വിദ്യാര്‍ഥികളാണ് ഇന്നലെ പുലര്‍ച്ചെ 4.45 ഓടെ നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ കോഴിക്കോട്ടെത്തിയത്. രാജ്യതലസ്ഥാനത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഈ സര്‍വകലാശാലകളിലെ ഹോസ്റ്റല്‍ അടച്ചുപൂട്ടിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ നാട്ടിലേക്ക് മടങ്ങിയത്.
ജാമിഅ മില്ലിയ്യയിലെ ക്രൂരമായ പൊലിസ് നടപടിയില്‍ പരുക്കേറ്റ വിദ്യാര്‍ഥികളും ഇന്നലെ എത്തിയ സംഘത്തിലുണ്ട്. കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍ , എറണാകുളം, കോട്ടയം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ നാട്ടിലേക്ക് മടങ്ങിയെങ്കിലും വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍നിന്നും ഈ സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ തലസ്ഥാനത്ത് തന്നെ തങ്ങുകയാണ്. കോഴിക്കോട്ടെത്തിയ വിദ്യാര്‍ഥികള്‍ക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. വിദ്യാര്‍ഥികളെ സംഘടനാ പ്രതിനിധികള്‍ മുദ്രാവാക്യം വിളികളോടെയാണ് എതിരേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."