സ്വകാര്യ ബസ് തൊഴിലാളികള്‍ സമരത്തിലേക്ക്
കോട്ടയം : ജില്ലയില്‍ സ്വകാര്യ ബസ് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നു. മോട്ടോര്‍ ആന്റ് മെക്കാനിക്കല്‍ വര്‍ക്കേഴ്‌സ് യൂനിയന്‍(സി.ഐ.ടി.യു) ജില്ലാ സമ്മേളനമാണ് ഇതു സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. സര്‍ക്കാര്‍ നിയമപരമായി പ്രഖ്യാപിച്ച ഫെയര്‍വേജസ്, ബോണസ്, ക്ഷേമനിധി, പെന്‍ഷന്‍ തുടങ്ങിയ അവകാശങ്ങള്‍ ഇന്നും ജില്ലയില്‍ ഒരു സ്വകാര്യ ബസ് തൊഴിലാളികള്‍ക്കും നല്‍കുന്നില്ല. ഈ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസ് തൊഴിലാളികളും സെപ്റ്റംബറില്‍ പണിമുടക്കും.
മോട്ടോര്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന റോഡ് സുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചാല്‍ കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍, ഓട്ടോ-ടാക്‌സി, ലോറി, വര്‍ക്ക് ഷോപ്പുകള്‍, സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ കടകള്‍ ഇവയെല്ലാം പൂര്‍ണമായും ഇല്ലാതാകും. മോട്ടോര്‍ വ്യവസായം തന്നെ വന്‍കിട കുത്തക ഗ്രൂപ്പുകള്‍ കൈയടക്കും.
രാജ്യത്തെ 25 ലക്ഷം മോട്ടോര്‍ തൊഴിലാളികളും അവരുടെ കുടുംബങ്ങളും വഴിയാധാരമാകും. കേന്ദ്ര സര്‍ക്കാരിന്റെ നയത്തിനെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാനും സെപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാനും സമ്മേളനം തീരുമാനിച്ചു.
ഇ എം എസ് മന്ദിരത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍ ഉദ്ഘാടനംചെയ്തു. ടി.എം സുരേഷ് അധ്യക്ഷനായി. ഭാരവാഹികള്‍: പി.ജെ വര്‍ഗീസ്(പ്രസിഡന്റ്), പി.ജെ പൗലോസ്, അലിയാര്‍, ബിജു സ്‌കറിയ, (വൈസ് പ്രസിഡന്റുമാര്‍), സി എന്‍ സത്യനേശന്‍(ജനറല്‍ സെക്രട്ടറി), ടി എം സുരേഷ്, ജയരാജ്, പ്രേംജി(ജോയിന്റ് സെക്രട്ടറിമാര്‍), കെ.കെ പ്രകാശ്(ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."