സമഗ്ര ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തനോദ്ഘാടനം 14ന്
പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറ്റൂര്‍ നിയോജക മണ്ഡലത്തിലെ കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി ഗ്രാമപഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം 14ന് രാവിലെ 10.30ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിക്കും.
മൂങ്കില്‍മട ജലശുദ്ധീകരണശാലയ്ക്കു സമീപം നടക്കുന്ന പരിപാടിയില്‍ ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി ധന്യ അധ്യക്ഷയാവും. സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 95 ലക്ഷം രൂപ ചെലവഴിച്ച് വിപുലീകരിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
പദ്ധതിയിലൂടെ ജില്ലയിലെ മഴനിഴല്‍ പ്രദേശങ്ങളില്‍ പ്രതിദിനം ഒരാള്‍ക്ക് 100 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ സാധിക്കും. പാലക്കാടിന്റെ കിഴക്കന്‍ മേഖലയായ ഈ പ്രദേശങ്ങളില്‍ 15 വര്‍ഷമായി നിലനില്‍ക്കുന്ന കുടിവെള്ള ക്ഷാമത്തിന് പദ്ധതിയിലൂടെ പരിഹാരം കാണാനാകും. മഴക്കാലത്തുപോലും ടാങ്കര്‍ലോറി വഴിയാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തിയിരുന്നത്. കേരള വാട്ടര്‍ അതോറിറ്റി 1981ല്‍ വിഭാവനംചെയ്ത നടപ്പാക്കിയ ഈ കുടിവെള്ള പദ്ധതിയുടെ സമഗ്രമായ വിപുലീകരണം വര്‍ഷങ്ങളായി പ്രദേശവാസികളുടെ ആവശ്യമായിരുന്നു.
ഇതിന് ശാശ്വത പരിഹാരമായി ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം കേരള ജല അതോറിറ്റി 29 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതി തയാറാക്കുകയും അതില്‍ 23.77 കോടി രൂപയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കിഫ്ബിയില്‍നിന്നും അനുമതി ലഭിക്കുകയും ചെയ്തു. പദ്ധതി പൂര്‍ത്തികരിക്കാന്‍ ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും എടുക്കുന്നതിനാല്‍ ഹ്രസ്വകാല പരിഹാരമായി എം.എല്‍.എയുടെ 2017ലെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കാലപ്പഴക്കംവന്ന 75 കുതിരശക്തി പമ്പ് സെറ്റുകള്‍ മാറ്റി 90 കുതിരശക്തി വെര്‍ട്ടിക്കല്‍ ടര്‍ബൈന്‍ പമ്പ് സെറ്റുകള്‍, മോട്ടോര്‍ എന്നിവയെല്ലാം പുനസ്ഥാപിക്കുകയും അവയുടെ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിദിനം 50 ലക്ഷം ലിറ്റര്‍ ഉല്‍പ്പാദന ശേഷിയുള്ള ജലശുദ്ധീകരണശാലയിലെ റാപ്പിഡ് സാന്‍ഡ് ഫില്‍ട്രേഷന്‍ സംവിധാനം മാറ്റി പകരം നൂതന സാങ്കേതിക വിദ്യയായ ആന്ത്രസൈറ്റ് ഫില്‍ട്രേഷന്‍ സംവിധാനം ഉപയോഗിച്ചതോടെ പ്രതിദിനം 70 ലക്ഷം ലിറ്റര്‍ ഉല്‍പ്പാദനശേഷിയുള്ള ജലശുദ്ധീകരണശാലയായി പദ്ധതിയെ ഉയര്‍ത്താന്‍ കഴിഞ്ഞു. കാലപ്പഴക്കം വന്ന പ്രധാന പൈപ്പ്‌ലൈനായ 300 എം.എം എസി പൈപ്പ് മാറ്റി 500 എം.എം വ്യാസമുളള ഡി.ഐ പൈപ്പ് 6500 മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ ഡി. ബാലമുരളി പദ്ധതിയുടെ സ്വിച്ചോണ്‍ കര്‍മം നിര്‍വഹിക്കും. കേരള ജല അതോറിറ്റി ടെക്‌നിക്കല്‍ മെംബര്‍ ടി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. പരിപാടിയില്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയരക്ടര്‍ എ. കൗശികന്‍ ഐ.എ.എസ്, കേരള ജല അതോറിറ്റി ബോര്‍ഡ് മെംബര്‍ മുരുകദാസ്, എരുത്തേമ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പൊന്‍രാജ്, കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ ബബിത, വടകരപ്പതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുളന്തൈ തെരേസ, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. പങ്കജാക്ഷന്‍. മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."