നിര്‍ഭയ കേസ്: നാലു പ്രതികള്‍ക്കും നോട്ടിസ് നല്കാന് ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം
ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ നാലാമത്തെ പ്രതിയുടെയും പുനഃപരിശോധനാ ഹരജി സുപ്രിംകോടതി തള്ളിയതിനു പിന്നാലെ വധശിക്ഷ നടപ്പാക്കുകയാണെന്നറിയിച്ച് നാലു പ്രതികള്‍ക്കും പുതിയ നോട്ടിസ് നല്കാന് പാട്യാലാ ഹൗസ് കോടതി തിഹാര്‍ ജയില്‍ അധികൃതര്‍ക്കു നിര്‍ദേശം നല്കി.
അഡീഷനല്‍ സെഷന്‍സ് ജഡ്ജി സതീഷ് അറോറയുടെതാണ് ഉത്തരവ്. ശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് നിര്‍ഭയയുടെ മാതാപിതാക്കള്‍ 2018 ഡിസംബറില്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി നടപടി.
ഈ വര്‍ഷം ഒക്ടോബറില്‍ തിഹാര്‍ ജയില്‍ സൂപ്രണ്ട് നാലു പ്രതികള്‍ക്കും നോട്ടിസ് നല്‍കിയിരുന്നു. രാഷ്ട്രപതിക്കു മുന്നില്‍ ദയാഹരജി സമര്‍പ്പിക്കുന്നുണ്ടെങ്കില്‍ അതാകാമെന്നും നോട്ടിസില്‍ വ്യക്തമാക്കിയിരുന്നു.
ദയാഹരജിയിലും തെറ്റു തിരുത്തല്‍ ഹരജിയിലും തീരുമാനം വരാന്‍ ബാക്കിയുണ്ടെങ്കിലും മരണ വാറന്‍ഡ് പുറപ്പെടുവിക്കുന്നതിന് അതു തടസമല്ലെന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്നലെ കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, അമിക്കസ്ക്യൂറി വൃന്ദാഗ്രോവര്‍ ഇതിനെ എതിര്‍ത്തു. കേസിലെ നാലു പ്രതികളില്‍ അക്ഷയും മുകേഷും ദയാഹരജി നല്‍കുന്നില്ലെന്ന് അറിയിച്ചതായി പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. എന്നാല്‍, അക്ഷയുടെ അഭിഭാഷകന് എ.പി സിങ് ഇതിനെ എതിര്‍ത്തു.
കേസ് പരിഗണിക്കുമ്പോള്‍ പെണ്‍കുട്ടിയുടെ മാതാവും കോടതിയിലുണ്ടായിരുന്നു. നിങ്ങള്‍ പ്രതികളുടെ അവകാശങ്ങളെക്കുറിച്ചു മാത്രം സംസാരിക്കുന്നുവെന്നും തങ്ങളുടെ അവകാശം എന്തുകൊണ്ട് പരിഗണിക്കുന്നില്ലെന്നും മാതാവ് ചോദിച്ചു. നിങ്ങളോട് സഹതാപമുണ്ട്, എന്നാല്‍, നിയമത്തിന് ശിക്ഷിക്കപ്പെട്ടവരുടെ അവകാശങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നായിരുന്നു കോടതിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."