വധശിക്ഷ: മുഷറഫിനെ ന്യായീകരിച്ച് പാക് സൈന്യം
ഇസ്‌ലാമാബാദ്: രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുഷറഫിന് പിന്തുണയുമായി പാക് സൈന്യം. അദ്ദേഹത്തിന് ഒരിക്കലും ഒരു രാജ്യദ്രോഹിയാകാന്‍ കഴിയില്ലെന്ന് പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഐ.എസ്.പി.ആര്‍ പറഞ്ഞു.
കോടതിവിധി അതിയായ വേദനയോടെയാണ് സ്വീകരിക്കുന്നത്. മുന്‍ സൈനികമേധാവിയും പാക് പ്രസിഡന്റുമായ മുഷറഫ് 40ലേറെ വര്‍ഷം രാജ്യത്തെ സേവിച്ചു. രാജ്യത്തിന്റെ പ്രതിരോധത്തിനായി പോരാടി. അങ്ങനെയുള്ള ഒരാള്‍ ഒരിക്കലും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവനാവില്ല- ഐ.എസ്.പി.ആര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സ്വയം പ്രതിരോധിക്കാനുള്ള അദ്ദേഹത്തിന്റെ അവകാശം വിചാരണയ്ക്കിടെ നിഷേധിക്കപ്പെട്ടതായും രാജ്യദ്രോഹക്കുറ്റം ചാര്‍ത്തുകയാണുണ്ടായതെന്നും പാക് ഭരണഘടന അനുസരിച്ച് നീതിപീഠം ശിക്ഷയില്‍ ഇളവുനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും സൈന്യം പറഞ്ഞു.
അതേസമയം കേസ് അടിസ്ഥാനമില്ലാത്തതാണെന്നും തന്നെയോ തന്റെ അഭിഭാഷകരെയോ കേള്‍ക്കാന്‍ കോടതി തയാറായില്ലെന്നും ദുബൈയില്‍ ചികിത്സയിലുള്ള മുഷറഫ് പ്രതികരിച്ചു.
1999ല്‍ സൈനിക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത മുഷറഫ് 2007 നവംബര്‍ മൂന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാലാണ് പ്രത്യേക കോടതി കുറ്റക്കാരനായി വിധിച്ച് ശിക്ഷ പ്രഖ്യാപിച്ചത്. 2013ല്‍ നവാസ് ശരീഫ് അധികാരത്തിലെത്തിയപ്പോഴാണ് മുഷറഫിനെതിരേ രാജ്യദ്രോഹത്തിന് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."