തലയില്‍ തട്ടവും ഫുള്‍ സ്ലീവും വിലക്കിയ സ്‌കൂള്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി
കൊച്ചി: മുസ്ലീം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ തലയില്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസില്‍ വരുന്നത് വിലക്കിയ സ്‌കൂള്‍ നടപടിയില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി.
സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമാണെന്ന കാരണത്താല്‍ തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിടാന്‍ അനുവദിക്കാതിരുന്ന ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനെതിരെ രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം.
വ്യക്തി താത്പര്യങ്ങള്‍ പൊതു താത്പര്യങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.
ഹര്‍ജിക്കാര്‍ക്ക് തങ്ങളുടെ സ്വകാര്യ അവകാശങ്ങള്‍ സ്ഥാപനത്തിന്റെ അവകാശങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. തട്ടവും ഫുള്‍ സ്ലീവ് ഷര്‍ട്ടുമിട്ട് ക്ലാസ്സില്‍ പങ്കെടുക്കാമോ എന്നത് സ്‌കൂളിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ആ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്‌കൂള്‍ അധികൃതരാണെന്നും കോടതിക്ക് സ്‌കൂളിന് ഈ കാര്യത്തില്‍ നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് എ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറഞ്ഞു.
ഒരാള്‍ക്ക് അയാളുടെ ഇഷ്ടപ്രകാരം വസ്ത്രധാരണം നടത്താനുള്ള അവകാശമുണ്ടെന്നിരിക്കെ തന്നെ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകാനും അവകാശമുണ്ട്. അതുകൊണ്ട് ഇത് രണ്ടും തമ്മിലുള്ള ഒരു ബാലന്‍സ് സൂക്ഷിക്കുന്ന ചുമതലയാണ് കോടതിക്കെന്നും ജസ്റ്റിസ് വിശദമാക്കി.
സ്‌കൂളും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിന് വ്യക്തി താത്പര്യങ്ങള്‍ നിഷേധിച്ചു കൊണ്ടല്ല, മറിച്ച് പൊതുതാത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹര്‍ജി തീര്‍പ്പാക്കിയ കോടതി ഹര്‍ജിക്കാര്‍ സ്‌കൂളില്‍ നിന്നും ടിസി ആവശ്യപ്പെടുകയാണെങ്കില്‍ കുറിപ്പുകളൊന്നുമില്ലാതെ മാനെജ്‌മെന്റ് നല്‍കണമെന്നും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."