സുധയുടെ മരണം നിപ മൂലമല്ലെന്ന് ആരോഗ്യമന്ത്രി; വിദഗ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് മന്ത്രി തള്ളി
തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി വിഭാഗം ജീവനക്കാരി സുധയുടെ മരണം നിപ ബാധിച്ചല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയില്‍ വ്യക്തമാക്കി. നിപയെക്കുറിച്ച് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മന്ത്രി തള്ളി. നിപ സംബന്ധിച്ച യഥാര്‍ഥ ചിത്രം സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന് പരോക്ഷമായി ചൂണ്ടിക്കാട്ടുന്നതായിരുന്നു റിപ്പോര്‍ട്ട്.
സുധയാണ് നിപ മൂലം മരിച്ച ആദ്യ ആരോഗ്യവകുപ്പ് ജീവനക്കാരിയെന്നായിരുന്നു വിദഗ്ധ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍, സുധയില്‍ നിപ ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോഗ്യമന്ത്രി നല്‍കിയ രേഖാമൂലമുള്ള മറുപടി. മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളോടെയാണ് സുധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മതിയായ ചികിത്സ നല്‍കിയിരുന്നു. സുധയില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ആബിദ് ഹുസൈന്‍, എം.കെ മുനീര്‍, എന്‍.എ നെല്ലിക്കുന്ന്, എന്‍. ഷംസുദ്ദീന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രോഗബാധിതരുടെ എണ്ണം സംബന്ധിച്ച വിദഗ്ധ സംഘത്തിന്റെ കണക്കും ശരിയല്ലെന്ന് മന്ത്രി മറുപടി നല്‍കി.
നിപ ബാധിച്ചവരുടെ കണക്ക് തയാറാക്കുന്നതില്‍ ആരോഗ്യവകുപ്പിന് വീഴ്ച ഉണ്ടായിട്ടില്ല. ശരീര സ്രവങ്ങള്‍ പരിശോധിച്ചവരില്‍ 18 പേര്‍ക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 16 പേര്‍ മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു. എന്നാല്‍, 23 പേരില്‍ രോഗം സ്ഥിരീകരിച്ചെന്നും 21 പേര്‍ മരിച്ചെന്നുമാണ് ആരോഗ്യവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം അന്താരാഷ്ട്ര ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുള്ളത്. അന്താരാഷ്ട്ര ജേര്‍ണലിലെ കണക്കുകള്‍ പുറത്തുവന്ന ശേഷം നിപ സംബന്ധമായ വിവരങ്ങള്‍ വീണ്ടും ശേഖരിക്കാന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."