മുക്കോല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒ.പി ടിക്കറ്റ് നിരക്ക്; വര്‍ധനവിനെതിരേ പ്രതിഷേധം
വിഴിഞ്ഞം: തീരദേശമടക്കമുള്ള സാധാരണക്കാരായ ജനങ്ങളുടെ ആശ്രയമായ മുക്കോല പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഒ.പി.ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടിയതിനെതിരെ പ്രതിഷേധമുയരുന്നു. കഴിഞ്ഞ മാസംവരെ രണ്ടു രൂപയായിരുന്ന ഒ.പി ടിക്കറ്റ് ഫീസ് ഒറ്റയടിക്ക് അഞ്ചുരൂപയാക്കി ഉയര്‍ത്തിയതിനെതിരെയാണ് പ്രതിഷേധം. കിടത്തിച്ചികിത്സയുള്ള വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പോലും പഴയ നിരക്ക് തുടരുമ്പോഴാണ് അതിന്റെ സബ് സെന്ററായ മുക്കോലയിലെ ആശുപത്രിയില്‍ എത്തുന്നവരില്‍ നിന്ന് അഞ്ച് രൂപ ഈടാക്കുന്നത്. ആശുപത്രിവികസന സമിതിയാണ് പുതിയ നിരക്ക് തീരുമാനിച്ചത്.
പ്രാഥമികാരോഗ്യകേന്ദ്രത്തിനൊപ്പം ഹോമിയോ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരും ഇനി മുതല്‍ അഞ്ച് രൂപ നല്‍കണം. ഡോക്ടര്‍മാരില്ലാതെയും രക്തപരിശോധനയടക്കമുള്ളവക്ക് ലാബ് സംവിധാനമില്ലാതെയും ജനം നട്ടം തിരിഞ്ഞപ്പോഴും കൂടാത്ത വികസന സമിതിയാണ് ഈയടുത്ത് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി മാത്രമായി യോഗം വിളിച്ചതെന്ന് ആക്ഷേപവുമുയര്‍ന്നിട്ടുണ്ട്. ആശുത്രിക്ക് ഇരുനില കെട്ടിടം പണിത് കിടത്തിച്ചികിത്സ ഒരുക്കാമെന്ന പേരില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് കിടാരക്കുഴിയിലെ ഒരു ഇടുങ്ങിയ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.
പഴയ കെട്ടിടം പുതുക്കി ഒരു നില പൂര്‍ത്തിയായെങ്കിലും ആശുപത്രി തിരിച്ച് പുതിയ കെട്ടിടത്തില്‍ കൊണ്ടുവരുന്ന കാര്യം നീണ്ടു പോവുകയാണ്. ഇതിനിടയിലാണ് വാഹന സൗകര്യ കുറവുള്ള സ്ഥലത്ത് ഏറെ കഷ്ടപ്പെട്ട് എത്തുന്ന പാവപ്പെട്ട രോഗികളെ പിഴിയുന്ന സമീപനം അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്. ചാര്‍ജ്ജ് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് രോഗികളും ജീവനക്കാരും തമ്മിലുള്ള വഴക്കും വാക്കേറ്റവും സ്ഥിരമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."