HOME
DETAILS

വനിതാമതിലിലെ നവോത്ഥാന രാഷ്ട്രീയം

  
backup
December 12 2018 | 21:12 PM

465879861561564112-25451

#പിണങ്ങോട് അബൂബക്കര്‍
9847700450


കേരളത്തിലെ 460 കിലോമീറ്റര്‍ വരുന്ന ദേശീയപാതയില്‍ 35,00,000 പെണ്ണുങ്ങളെ നിരത്തിനിര്‍ത്തി മതില്‍ തീര്‍ക്കാന്‍ പോകുകയാണ് ഇടതുപക്ഷ സര്‍ക്കാര്‍. ഈ തീരുമാനത്തിന്റെ തത്വശാസ്ത്രം പരിശോധിച്ചാല്‍ ആരും അത്ഭുതപ്പെട്ടുപോകും. നവോത്ഥാനത്തിനു വേണ്ടിയാണത്രെ ഈ പെണ്‍മതില്‍ നിര്‍മാണം. ഇടതുപക്ഷത്തിന് ഇപ്പോഴെന്തേ ഒരു നവോത്ഥാന വേവലാതിയെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.
ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും നവോത്ഥാന സംരംഭങ്ങളും സങ്കല്‍പ്പങ്ങളും കടംകൊള്ളുന്നവരാണ് ഇടതുപക്ഷമെങ്കില്‍ അത്ഭുതത്തിനോ സംശയത്തിനോ ഇടയുണ്ടാകുമായിരുന്നില്ല. അതല്ലല്ലോ ഇടതുപക്ഷത്തിന്റെ വിശ്വാസപ്രമാണം. മേല്‍പ്പറഞ്ഞ ആചാര്യന്മാരെയും അവരുടെ ആശയങ്ങളെയും ഉപകരണമാക്കി ഉപയോഗപ്പെടുത്തുകയാണ് ഇടതുപക്ഷം.
ജാതിവ്യവസ്ഥ പരിധി ലംഘിച്ച കാലഘട്ടത്തില്‍ ക്ഷേത്രപ്രവേശനാവകാശം സവര്‍ണര്‍ക്കു മാത്രമായിരുന്നു. ദൈവസങ്കല്‍പ്പമാണെന്നു കരുതുന്ന പ്രതിഷ്ഠയ്ക്കു മുന്നില്‍ ചെന്നു തൊഴാന്‍ കീഴാളര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. അതിനെതിരേ, ദൈവത്തിനു മുന്നിലെങ്കിലും തുല്യത അംഗീകരിച്ചുകിട്ടണമെന്ന മാനുഷികനീതിക്കുവേണ്ടി നടത്തിയ പോരാട്ടമാണ് നവോത്ഥാന പോരാട്ടങ്ങള്‍. ജാതിമതിലുയര്‍ത്തി അവര്‍ണരെ അകറ്റി നിര്‍ത്തിയ അക്കാലത്ത് മനുഷ്യാവകാശ ബോധമുള്ളവര്‍ അതിനെതിരേ രംഗത്തുവന്നു. ത്യാഗനിര്‍ഭരമായ പോരാട്ടം നടത്തി.
ഇപ്പോള്‍ പെണ്‍മതില്‍ നിര്‍മിക്കുന്നതിനു പിന്നിലെ അജന്‍ഡയെന്താണ്? സുപ്രിംകോടതിയുടെ ശബരിമല വിധിയാണിതിന്റെ അടിസ്ഥാന കാരണം. വിധി വന്നപ്പോള്‍ സാമുദായികപ്രതിഷേധം ശക്തമായി. ഹിന്ദുവികാരം ആളിക്കത്തുകയും ആളിക്കത്തിക്കുകയും ചെയ്തു. അതില്‍നിന്നു മുതലെടുക്കാന്‍ ആദ്യം രംഗത്തിറങ്ങിയത് ബി.ജെ.പി. തങ്ങളാണു ഹിന്ദുക്കള്‍ക്കൊപ്പമെന്നു വരുത്തിത്തീര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചു. തങ്ങളുടെ പെട്ടിയില്‍ നിന്നുള്ള വോട്ടുചോര്‍ച്ച തടയാന്‍ ഇടതുപക്ഷവും രംഗത്തുവന്നു.
ഫലത്തില്‍ ഇരുവിഭാഗവും നിര്‍വഹിക്കുന്ന ധര്‍മം വര്‍ഗീയ ചേരിതിരിവുണ്ടാക്കല്‍ തന്നെ. ക്ഷേത്രാചാരങ്ങളും മതാചാരങ്ങളും രാഷ്ട്രീയപ്പോരാട്ട വിഷയമാക്കി മാറ്റി. അതോടെ കേരളത്തിന്റെ സാംസ്‌കാരികത്തനിമ നഷ്ടപ്പെട്ടു. വടക്കേ ഇന്ത്യയില്‍ രാഷ്ട്രീയസമവാക്യം നിശ്ചയിക്കുന്നതു ജാതിയടിസ്ഥാനത്തിലാണ്. കേരളത്തിലും അതു കൊണ്ടുവരാനാണു ബി.ജെ.പിയും ഇടതുപക്ഷവും മത്സരിക്കുന്നത്. മതാധിഷ്ഠിത രാഷ്ട്രീയത്തോടൊപ്പം ജാതിരാഷ്ട്രീയവും നട്ടുമുളപ്പിക്കാനാണു ശ്രമം.
നവോത്ഥാനമെന്ന പദത്തിനു രണ്ടര്‍ഥമാണു ശബ്ദതാരാവലി നല്‍കിയിട്ടുള്ളത്. 1, പുതിയ ഉയര്‍ച്ചയും ഉണര്‍വും. 2, ചൈതന്യമറ്റു കിടക്കുന്ന ആശയങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കുമുണ്ടാകുന്ന പുത്തനുണര്‍വ്.
ഒരു കാലത്തു കീഴ് ജാതിക്കാര്‍ക്കു കേരളത്തില്‍ ഒരു മാനുഷികപരിഗണനയും നല്‍കിയിരുന്നില്ല. മരത്തടിയില്‍ നിര്‍മിച്ച ആഭരണങ്ങളണിയാന്‍ മാത്രമായിരുന്നു പണ്ടു കീഴാളര്‍ക്ക് അനുമതിയുണ്ടായിരുന്നത്. മാറുമറയ്ക്കാന്‍ കീഴാള സ്ത്രീകള്‍ക്ക് അവകാശമില്ല. നല്ല വസ്ത്രം അവകാശമില്ല. മേല്‍ ജാതിക്കാരുടെ ആസ്വാദ്യവസ്തുവും തൊഴിലുപകരണങ്ങളുമാക്കി അവരെ മാറ്റിയിരുന്നു. പില്‍ക്കാലത്ത് കല്ലവും മാലയും അവരുടെ ദാസ്യത്തിന്റെ അടയാളമായി ഗണിക്കപ്പെട്ടു.
അയ്യങ്കാളിയുള്‍പ്പെടെയുള്ള നവോത്ഥാന നായകന്മാരുടെ ശ്രമഫലമായി കല്ലവും മാലയും പൊതുവേദിയില്‍വച്ചു പരസ്യമായി അറുത്തുമാറ്റി. കാരണം അടിമച്ചങ്ങലയ്ക്കു തുല്യമായിരുന്നു ആ ആഭരണങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ഇടതുപക്ഷം പറയുന്ന നവോത്ഥാനം ഏതു ജാതിവ്യവസ്ഥയുമായി എന്തു ബന്ധമാണുള്ളത്. രാഷ്ട്രീയപ്പോരാട്ടത്തിനുള്ള ആയുധമായി സ്ത്രീകളെ ഉപയോഗിക്കുന്നത് അപരാധമാണ്.
നായന്മാര്‍ക്കിടയില്‍ത്തന്നെ 18 ഉപജാതികളുണ്ടെന്നു മലബാര്‍ മാന്വലില്‍ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ ഈ ജാതി വൈജാത്യങ്ങള്‍ എത്രയെന്നു തിട്ടപ്പെടുത്താനാവാത്തത്ര വളര്‍ന്നിരിക്കുന്നു. ഇരുണ്ട കാലത്തേയ്ക്കു തിരിച്ചുകൊണ്ടുപോകാനുള്ള ബോധപൂര്‍വ നീക്കങ്ങള്‍ ജാതി തമ്പുരാക്കള്‍ നടത്തുമ്പോള്‍ അതേവഴി തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളും സ്വീകരിക്കുന്നതു സങ്കടകരമാണ്.
നവോത്ഥാന മതില്‍ പണിയാന്‍ ഹിന്ദു പാര്‍ലമെന്റ് നേതാവും ഈഴവ നേതാവും എന്തിനാണ് ഒത്തുചേരുന്നത്. ചാതുര്‍വര്‍ണ്യം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിന് അറിഞ്ഞോ അറിയാതെയോ കേരളം സാക്ഷിയാവുകയാണ്.

അബദ്ധ വെടിയെന്ന അപകട വെടി

ഉത്തര്‍പ്രദേശിലെ ബുലന്ദ് ഷഹര്‍ ജില്ലയില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് അബദ്ധത്തില്‍ വെടിയേറ്റു കൊല്ലപ്പെടുകയായിരുന്നുവെന്നാണ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത്. അവിടെ പശുവിന്റെ പേരില്‍ പൊലിസിനു നേരേ ആള്‍ക്കൂട്ടാക്രമണം നടന്നിട്ടേയില്ലെന്നാണു സന്യാസി കൂടിയായ മുഖ്യമന്ത്രി പറയുന്നത്. എത്ര ഭയാനകമാണ് ഈ കളവു പറയല്‍ എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ, ആധ്യാത്മിക പദവി വ്യക്തമാക്കുന്നു.
ആള്‍ക്കൂട്ടം അക്രമിച്ചതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും മരണവുമായി ബന്ധപ്പെട്ട പൊലിസ് എഫ്.ഐ.ആറുമുണ്ട്. എന്നിട്ടും ഒരു മടിയുമില്ലാതെ ഇത്തരമൊരു കളവുപറയാന്‍ യോഗിക്കു കഴിയുന്നുവെങ്കില്‍ അദ്ദേഹത്തിന്റെ മനസില്‍ എത്രമാത്രം വര്‍ഗീയതയുണ്ടാകണം. ബജ്‌റങ് നേതാവിനെ കൊലക്കേസില്‍ പൊലിസ് പിടികൂടിയതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി പുറത്തിറങ്ങിയ യോഗി മാധ്യമങ്ങളോടു കള്ളം പറഞ്ഞത്.
ഇത്തരം കാര്യങ്ങളില്‍ നല്ല മുന്‍പരിചയമുള്ള നരേന്ദ്രമോദിയില്‍നിന്നു യോഗിക്കു മാര്‍ഗദര്‍ശനം ലഭിച്ചെന്നു കരുതണം. 2008 സെപ്റ്റംബര്‍ 29നുണ്ടായ മലേഗാവ് സ്‌ഫോടനത്തില്‍ ആറു പേര്‍ മരിക്കുകയും 100 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിം തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു വരുത്താന്‍ ബോധപൂര്‍വം ശ്രമം നടന്നിരുന്നു. ഹേമന്ത് കര്‍ക്കറെയെന്ന സത്യസന്ധനായ പൊലിസ് ഉദ്യോഗസ്ഥന്‍ നടത്തിയ അന്വേഷണത്തിലാണു ഹിന്ദുത്വ ഭീകരരാണതിനു പിന്നിലെന്നു കണ്ടെത്തിയത്.
2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കര്‍ക്കറെ കൊല്ലപ്പെട്ടു. അദ്ദേഹത്തെ ഉന്നതങ്ങളില്‍ നിന്നുള്ള നിര്‍ദേശപ്രകാരം പൊലിസ് തന്നെ ഉന്മൂലനം ചെയ്യുകയായിരുന്നെന്നു പില്‍ക്കാലത്തു തെളിഞ്ഞു. നീതി നടപ്പാക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്തുകയെന്നതു തീവ്രഹിന്ദുത്വവാദികളുടെ ശൈലിയാണ്. കര്‍ക്കറെയ്ക്കുണ്ടായ അതേ അനുഭവമാണു സുബോധ് കുമാറിനുമുണ്ടായത്.
എന്നാല്‍, നമ്മുടെ നാട്ടില്‍ എസ്.പി റാങ്കിലുള്ള ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ പറയുന്നു, തീവ്രഹിന്ദുത്വവാദിയായ ശശികലയെ അറസ്റ്റ് ചെയ്യാന്‍ തനിക്കു കഴിയില്ലെന്ന്. മേലുദ്യോഗസ്ഥന്റെ നിര്‍ദേശം പോലും അനുസരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇതെങ്ങനെ സംഭവിക്കുന്നു? മതേതരത്വത്തിന്റെ ശത്രുക്കള്‍ പുറത്തല്ല, അകത്തുതന്നെയാണ്. സിവില്‍ സര്‍വിസില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ കടന്നുകയറിയിരിക്കുന്നു. മതനിരപേക്ഷ രാജനീതിയറിയുന്ന ഭരണാധികാരികള്‍ കുറഞ്ഞുവരുന്നു.
തനിക്കും തന്റെ കുടുംബത്തിനും എന്തും നേടാം എന്നതിനപ്പുറത്ത് ഒരു ചിന്ത ഒട്ടുമിക്ക ഭരണാധികാരികളെയും ഭരിക്കുന്നില്ല. ഇന്ത്യയില്‍ വര്‍ഗീയഭ്രാന്ത് വളര്‍ത്തുന്നത് അധികാര ദുര മൂത്ത ഭരണാധികാരികള്‍ തന്നെയാണ്. ഇപ്പോള്‍ ഒരു ഹിന്ദു വനിതാ മതിലിന് മറ്റൊരു അര്‍ഥം കല്‍പ്പിച്ചു നല്‍കാനാവില്ല.

അട്ടിമറി

ഭരണ സിരാകേന്ദ്രത്തില്‍ പ്രധാന ഫയലുകള്‍ക്കു തീര്‍പ്പുകല്‍പ്പിക്കുന്ന ഉന്നതോദ്യോഗസ്ഥ മേഖലയില്‍ മുസ്‌ലിംകളും മറ്റു പിന്നാക്ക വിഭാഗങ്ങളും എത്തിപ്പെടരുതെന്ന സവര്‍ണ മേധാവികളുടെ താല്‍പര്യം പിണറായി വിജയന്‍ നടപ്പിലാക്കുകയാണ്. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും രണ്ടു തോളില്‍വച്ചു മുന്നോട്ടു നീങ്ങാനാണ് പിണറായി ശ്രമിക്കുന്നത്. സംവരണ അട്ടിമറി സംഭവിച്ചിട്ടും കേരളത്തിലെ പിന്നാക്ക വിഭാഗ സംഘടനകള്‍ മൗനം പാലിക്കുകയാണ്. പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും നിശബ്ദരാണ്. പിന്നാക്കക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനും അവസരം തടയുന്നതിനും പ്രത്യേക ന്യായീകരണമൊന്നും ഭരണകൂടം പറയുന്നില്ല. പിന്നാക്കക്കാരുമടങ്ങിയ മന്ത്രിസഭ ഇക്കാര്യത്തില്‍ മൗനം തുടരുകയാണ്. നിയമസഭയില്‍ ഒരു സബ്മിഷന്‍ വന്നതൊഴിച്ചാല്‍ വേണ്ടത്ര ചര്‍ച്ചകള്‍ക്ക് ഇടമുണ്ടായില്ല. സുപ്രഭാതം ഒഴിച്ച് മറ്റു ദിനപ്പത്രങ്ങളൊന്നും അടിസ്ഥാനവര്‍ഗത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നതുമില്ല. പ്രക്ഷോഭങ്ങള്‍ നടത്തി അവകാശങ്ങള്‍ പുനഃസ്ഥാപിക്കാനുള്ള സംഘങ്ങള്‍ ഉണ്ടാവേണ്ടതാണ്. സാംസ്‌കാരിക നായകരും ഇക്കാര്യത്തില്‍ നിശബ്ദത വെടിയണം.

മനസു കെട്ടവരുടെ കലാപരിശോധന

അഞ്ചു ലക്ഷത്തിലധികം വരുന്ന സ്‌കൂള്‍ കുട്ടികളില്‍ നിന്ന് 12,000 കുട്ടികള്‍ പങ്കെടുക്കുന്ന കലോത്സവം പ്രളയത്തില്‍ ഒലിച്ചു പോയ കേരളത്തില്‍ ഒരു ദേശീയാഘോഷമായിത്തന്നെ നടത്തിയതില്‍ സന്തോഷം. നല്ല സെറ്റിങ്ങുകളും ആഹാരവും ബന്ധപ്പെട്ടവര്‍ക്കു മതിയായ പോക്കറ്റ് മണിയും പിശുക്കു കാണിക്കാതെ നല്‍കിയെന്നാണ് അറിവ്. ഇടതു സഹയാത്രികര്‍ ഇതൊരു പൂരം പോലെയാക്കി മാറ്റിയതാണ് മാനക്കേടായത്. കവിത മോഷ്ടിച്ച ഒരു ടീച്ചറെ ജൂറിയായി നിയമിച്ചതിനു മറ്റെന്തു ന്യായീകരണമാണു പറയാനുണ്ടാവുക. ഇത്തരം മനസുകെട്ട മനുഷ്യരെ കുഞ്ഞുങ്ങളുടെ കലാവാസന പരിശോധിക്കാന്‍ ഏല്‍പ്പിച്ചതു പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന ഏര്‍പ്പാടായി.
ഒരു കമ്മ്യൂണിസ്റ്റുകാരന്റൈ മനസ് എങ്ങനെയാവണമെന്ന് ഡോക്ടര്‍ സുരേഷ്‌കുമാര്‍ പറഞ്ഞുവച്ചത് ഇങ്ങനെയാണ്: മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗമനുഭവിക്കുന്നത് ഒരു കാല്‍പ്പനിക ഭംഗിയാണ്. ഒന്നിനോടും അമിതമായ മോഹമില്ലെങ്കില്‍ ജീവിച്ചുപോകാം എന്നതാണ് എന്റെ അനുഭവം. അറിഞ്ഞുകൊണ്ട് ഒരാള്‍ക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല. ജീവിച്ച ഓരോ നിമിഷവും കര്‍മനിരതനായി. അതൊട്ടും നിസാരമല്ലെന്ന് ഞാന്‍ കരുതുന്നു. (മാനവികതയുടെ പ്രകാശഗോപുരമായി, പേജ് 7).
കലാകാരന്റെ മാനസികഭാവം മനോഹരമാണ്. 12,000 വരുന്ന കലാകാരന്മാരുടെ മൂല്യനിര്‍ണയം നല്ല മനസില്ലാത്ത ഒരു സ്ത്രീ നടത്തുന്നതു സാമാന്യ യുക്തിക്കു നിരക്കുന്നതല്ല. ഈ അപരാധവും സാംസ്‌കാരിക കേരളം നിശബ്ദരായി നോക്കിനിന്നു. ''കാട്ടില്‍ പൂവിന്‍ പുഞ്ചിരിക്കായി പാട്ടു പാടും പൈങ്കിളിമാഞ്ഞുപോയി നീ കൊതിച്ച വസന്തം പൈങ്കിളി'' (വയലാര്‍). മരച്ചില്ലകളില്‍ വിശ്രമിക്കുന്ന കിളി മനസുകളില്‍ അടയിരിക്കുന്ന ചിന്തകളാണ് വയലാര്‍ പ്രതീകാത്മകമായി പാടിയത്. ഏറെ പ്രതീക്ഷകളോടെ കലോത്സവത്തിനെത്തിയ കുഞ്ഞുങ്ങളോട്, അഥവാ നമ്മുടെ കലാകാരന്‍മാരോട്, കലാ മനസുകളോട് നൈതികത പുലര്‍ത്താന്‍ എന്തുകൊണ്ടാവും വിദ്യാഭ്യാസമുള്ള രവീന്ദ്രന്‍ സാറിനു കഴിയാതെപോയത്. അവിടെയാണ് മാനവികത മരിച്ചു തീരുകയാണോ എന്ന സംശയം ഉയര്‍ന്നുവരുന്നത്. പണത്തിനു മേലെ മറ്റൊന്നുമില്ല. എല്ലാം കീഴ്‌മേല്‍ മറിക്കുന്നു. അട്ടിമറിക്കപ്പെടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  25 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  25 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  25 days ago
No Image

നവംബര്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം; ഡല്‍ഹി സര്‍വകലാശാലയും സ്‌കൂളുകളും അടച്ചു

National
  •  25 days ago
No Image

ഇടുക്കി സഫയർ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 51 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ഹോട്ടൽ അടപ്പിച്ച് ആരോഗ്യവകുപ്പ്

Kerala
  •  25 days ago
No Image

സഹതാരത്തെ വംശീയമായി അധിക്ഷേപിച്ചു ടോട്ടന്‍ഹാമിന്റെ റോഡ്രിഗോ ബെന്റാന്‍കൂറിന് വിലക്ക്

Football
  •  25 days ago
No Image

എറണാകുളം; അമ്പലത്തിൽ പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലിസ്

Kerala
  •  25 days ago
No Image

നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാട് കടത്തി കുവൈത്ത്

Kuwait
  •  25 days ago
No Image

കുട്ടനാട്ടിൽ അതിതീവ്രമായ വേലിയേറ്റം; എൺപതുംപാടം പാടശേഖരം മടവീഴ്ച ഭീഷണിയിൽ

Kerala
  •  25 days ago
No Image

സാന്റിയാഗോ മാര്‍ട്ടിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്; 12.41 കോടി രൂപ കണ്ടെടുത്തെന്ന് ഇഡി

National
  •  25 days ago